വ്യാജരേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: വ്യാജ രേഖകൾ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് പിടിയിലായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കർണാടകയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കെ.എസ്.എഫ്.ഇയുടെ കോഴിക്കോട് ടൗൺ, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിൽ നിന്നായി വ്യാജ രേഖകൾ നിർമിച്ച് ഏഴ് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതിയെ പിന്തുടർന്നത്.

ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ബിനാമികളെ ചിട്ടിയിൽ ചേർക്കുകയും ഈടിനായി ബിനാമികളുടെ പേരിൽ ഭൂമിയുടെ വ്യാജ രേഖകൾ തയ്യാറാക്കി സമർപ്പിക്കുകയുമായിരുന്നു. വില്ലേജ് ഓഫിസുകളുടെ സീൽ നിർമിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, പ്ലാൻ, ആധാരം എന്നിവ നിർമിച്ചായിരുന്നു തട്ടിപ്പ്.

സംഭവത്തിൽ മലപ്പുറം സ്വദേശികളായ നിയാസ് അലി, കിഴക്കേതിൽ ഷാജഹാൻ, കറുത്തേടത്ത് നാദിർ, വയനാട് സുൽത്താൻബത്തേരി സ്വദേശി ഹാരിസ്, റിട്ട. തഹസിൽദാർ പയ്യോളി സ്വദേശി കെ. പ്രദീപ് കുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് പൊലീസും കെ.എസ്.എഫ്.ഇ നടപടി സ്വീകരിച്ചു വരികയാണ്.

Tags:    
News Summary - main accused was arrested in the case of stealing crores from KSFE by forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.