മകരവിളക്ക്: പരിപൂർണ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: ജനുവരി 15ന് മകരവിളക്കിനോടനുബന്ധിച്ച് ശബരിമല പതിനെട്ടാം പടിയിലടക്കം സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഹൈകോടതി. ദർശനത്തിന് എത്തുന്നതിൽ 30 ശതമാനത്തോളം കുട്ടികളും സ്ത്രീകളുമാണ്. ഇതിനുപുറമെ, മുതിർന്ന പൗരന്മാരും ശാരീരിക വെല്ലുവിളി നേരിടുന്നവരുമുണ്ട്. എല്ലാവരുടെയും പരിപൂർണ സുരക്ഷ ഉറപ്പു വരുത്തണം.

തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മകരവിളക്കിന് മുന്നോടിയായുള്ള തിരക്ക് കണക്കിലെടുത്ത് പാണ്ടിത്താവളത്തും അന്നദാന കൗണ്ടർ വേണമെന്ന് കോടതി ഉത്തരവിട്ടു.

പാണ്ടിത്താവളത്ത് കുടിവെള്ളമടക്കം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ട് കണക്കിലെടുത്ത കോടതി സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പത്തനംതിട്ട ജില്ല ഭരണകൂടത്തിനും പൊലീസിനും നിർദേശം നൽകി. തിരക്ക് കണക്കിലെടുത്ത് നട അടച്ചശേഷവും തീർഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇവർക്ക് പുലർച്ച മൂന്നിന് ദർശനം നടത്താൻ കഴിയും.

ക്യൂ കോംപ്ലക്സിൽ തിരക്കുണ്ടാകുന്നില്ലെന്നും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കി ഇത് സംബന്ധിച്ച് എക്സി. മജിസ്ട്രേറ്റ് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം, മൈസൂരു സ്വദേശിയെ പൊലീസ് പതിനെട്ടാംപടിയിൽ മർദിച്ചെന്ന ആരോപണത്തിൽ കോടതി ഇടപെട്ടില്ല. മർദിച്ചുവെന്ന ആരോപണത്തിൽ വസ്തുതയില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം പരിഗണിക്കാതിരുന്നത്. ആരോപണത്തിൽ കഴമ്പില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും റിപ്പോർട്ട് നൽകിയിരുന്നു.

Tags:    
News Summary - Makaravilak: High Court to ensure complete security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.