സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കൽ: ഹിയറിങ്ങിൽ കൂട്ട എതിർപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ എതിർപ്പറിയിച്ച് അധ്യാപക -വിദ്യാർഥി സംഘടനാ പ്രതിനിധികൾ. സ്കൂളുകളിൽ 25 ശനിയാഴ്ചകൾ അധ്യയന ദിനമാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ ഹൈകോടതി റദ്ദാക്കിയതിൽ തുടർനടപടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ഹിയറിങ്ങിലാണ് വ്യാപക എതിർപ്പുയർന്നത്. കോടതി ഉത്തരവനുസരിച്ചാണ് കേസിലെ ഹരജി കക്ഷികളെയും അതുമായി ബന്ധപ്പെട്ട ആദ്യകേസിലെ കക്ഷികളെയും അധ്യാപക, വിദ്യാർഥി, മാനേജ്മെന്‍റ് സംഘടന പ്രതിനിധികളെയും വിദ്യാഭ്യാസ വിചക്ഷണരെയും ശിശു മനഃശാസ്ത്രജ്ഞനെയും അടക്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഹിയറിങ് നടത്തിയത്.

കേസിലെ ഹരജിക്കാരനായ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുൽ മജീദാണ് ആദ്യം നിലപാട് വ്യക്തമാക്കിയത്. തിങ്കൾ മുതൽ വെള്ളി വരെ പ്രവൃത്തി ദിവസങ്ങളും ശനി, ഞായർ എന്നിവ അവധി ദിവസങ്ങളുമായി 200 ദിവസത്തിൽ കവിയാത്ത അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ശനിയാഴ്ചകൾ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്‍റെ ലംഘനമാണെന്ന് കെ.പി.എസ്.ടി.എ ചൂണ്ടിക്കാട്ടി. കേസിൽ കക്ഷികളായ കെ.എസ്.ടി.യുവിനുവേണ്ടി ഹിയറിങ്ങിന് ഹാജരായ സംസ്ഥാന പ്രസിഡന്‍റ് കെ.എം. അബ്ദുല്ലയും ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള നിർദേശവും മധ്യവേനലവധിക്കാലത്തേക്ക് അധ്യയനം നീട്ടാനുള്ള നിർദേശത്തെയും എതിർത്തു. ഇക്കാര്യത്തിൽ ഹൈകോടതി വിധി നടപ്പാക്കണമെന്നും ഏതെങ്കിലും സ്വകാര്യ മാനേജ്മെന്‍റിന്‍റെ നിലപാടിനൊപ്പം സർക്കാർ ചേരരുതെന്നും കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ. ബദറുന്നീസയും പറഞ്ഞു.

കെ.എ.ടി.എഫിന് വേണ്ടി അബ്ദുൽ ഹഖ്, എ.കെ.എസ്.ടി.യുവിന് വേണ്ടി ഒ.കെ ജയകൃഷ്ണൻ തുടങ്ങിയവരും ഹിയറിങ്ങിൽ പങ്കെടുത്ത് ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള നിർദേശത്തെ എതിർത്തു. എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി എന്നീ വിദ്യാർഥി സംഘടനാ പ്രതിനിധികളും സർക്കാർ നീക്കത്തെ എതിർത്തു. 220 അധ്യയന ദിനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്കൂൾ മാനേജർ അഭിഭാഷകനൊപ്പമാണ് ഹിയറിങ്ങിൽ പങ്കെടുത്ത് വാദങ്ങൾ അവതരിപ്പിച്ചത്. ഹിയറിങ്ങിൽ പങ്കെടുത്ത ഭൂരിഭാഗം പേരും നിർദേശത്തെ എതിർത്തു.

Tags:    
News Summary - Making 25 Saturdays working day for schools: opposition at hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.