കോഴിക്കോട്: കാലിക പ്രസക്തമായ ചർച്ചകൾകൊണ്ട് സമ്പന്നമാക്കിയ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിന് കടപ്പുറത്ത് വർണാഭമായ സമാപനം. ജാതി സർവേ ഇന്ത്യയുടെ ഗതി മാറ്റുമോ, കളമശ്ശേരിക്കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ, ചർക്കയുടെയും പനിനീർ പൂവിന്റെയും വർത്തമാനം, ദുരന്തഭൂമികൾ തരുന്ന (ഉൾ)കാഴ്ചകൾ തുടങ്ങിയ ചർച്ചകൾ സമാപന ദിവസം ശ്രദ്ധേയമായി.
ഇന്ത്യൻ ഫാഷിസത്തിന്റെ മേൽക്കോയ്മ ദേശീയതയാണ് കളമശ്ശേരി ആക്രമണത്തിന്റെ ചാലകശക്തിയെന്നും ദേശീയഗാനം കേട്ടാൽ എഴുന്നേറ്റ് നിൽക്കണം എന്ന മേൽക്കോയ്മാ ദേശീയത വാദമാണ് മാർട്ടിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. ‘കളമശ്ശേരിക്കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ ’എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ ലോക ശത്രുവാക്കിയത് സാമ്രാജ്യത്വ ശക്തികളാണെന്നും കേരളത്തിൽപോലും പൊതുബോധത്തെ സയണിസ്റ്റ് യുക്തികളും ദേശീയതാവാദികളും ഹൈജാക്ക് ചെയ്തുകഴിഞ്ഞുവെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു.
പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ജാതി സർവേ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അത്തരമൊരു സർവേ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ‘ജാതി സർവേ ഇന്ത്യയുടെ ഗതി മാറ്റുമോ’ എന്ന ചർച്ചയിൽ വി.ടി. ബൽറാം പറഞ്ഞു.
‘വിളയിൽ ഫസീല, റംലാബീഗം: ഇശൽ പൂത്തകാലം’എന്ന സെഷനിൽ ഫൈസൽ എളേറ്റിൽ, ഒ.എം. കരുവാരക്കുണ്ട്, ഇന്ദിര ജോയ്, ഇഷ്റത്ത് സബ തുടങ്ങിയവർ സംവദിച്ചു. ‘ചർക്കയുടെയും പനിനീർപൂവിന്റെയും വർത്തമാനം’ എന്ന സെഷൻ ചർച്ചാവിഷയം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഗാന്ധിയുടെ ചർക്കയും നെഹ്റുവിന്റെ പനിനീർപൂവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിപാവനമായ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണെന്ന് അഡ്വ. എം. സുരേഷ് ബാബു പറഞ്ഞു.
‘പുഴ മുതൽ കടൽ വരെ; ഫലസ്തീൻ അതിജയിക്കുമോ’ എന്ന സെഷനിൽ ഡോ. പി.ജെ. വിൻസെന്റ്, സജി മാർക്കോസ്, സി. ദാവൂദ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ എൺപതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.