കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കത്തെ തുടർന്നുള്ള കോടതിവിധി നടത്തിപ്പ് സംസ്ഥാന സർക്കാറിന് വീണ്ടും തലവേദനയാകുന്നു. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ആറു പള്ളികളുടെ നിയന്ത്രണം ആവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം നിയമനടപടി ആരംഭിച്ചിരിക്കുന്നത്. ഈ പള്ളികൾ നിലവിൽ യാക്കോബായ പക്ഷത്തിന്റെ കൈകളിലാണ്. വിധി നടത്തിപ്പിന് പ്രാഥമികമായി നടത്തിയ ഇടപെടലുകൾ പരാജയപ്പെട്ടതോടെ ഓർത്തഡോക്സ് വിഭാഗം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും ഹരജി പരിഗണിച്ച കോടതി സർക്കാറിനെ രൂക്ഷമായാണ് വിമർശിച്ചത്. കോടതി നിർദേശത്തെ തുടർന്ന് രണ്ട് വട്ടവും പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പൊലീസ് എത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെതുടർന്ന് ബലപ്രയോഗത്തിന് മുതിരാതെ പിൻവാങ്ങുകയായിരുന്നു.
ഓടക്കാലി, പുളിന്താനം, മഴുവന്നൂർ, ചെറുകുന്നം, മംഗലം ഡാം, എരുക്കിൻചിറ എന്നീ പള്ളികളിലാണ് വിധി നടത്തിപ്പ് ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം നീക്കം ശക്തമാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ യാക്കോബായ വിഭാഗത്തിനാണ് ഭൂരിപക്ഷം. എന്നാൽ, മലങ്കരയിലെ മുഴുവൻ പള്ളികളും ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയാണ് യാക്കോബായ വിഭാഗത്തിന് തിരിച്ചടിയായത്. വിധിയെത്തുടർന്ന് ഇതുവരെ 62 പള്ളിയാണ് നഷ്ടമായത്. നിയമനടപടികൾ പരാജയപ്പെട്ടതും നിയമനിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ തലത്തിൽ നടത്തിയ നീക്കങ്ങൾ ലക്ഷ്യം കാണാത്തതുമാണ് ഇവർക്ക് തിരിച്ചടിയായത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പള്ളികളിലെ അധികാരതർക്കത്തെ തുടർന്ന് സഭാ സംഘർഷം രൂക്ഷമാകുന്നത് സർക്കാറിനും പ്രതിസന്ധിയാകുന്നുണ്ട്. ബലപ്രയോഗത്തിലൂടെ വിധി നടത്തിപ്പ് വേണ്ടെന്ന നിർദേശമാണ് പൊലീസിന് നൽകിയത്. എന്നാൽ, വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കർശന ഇടപെടൽ കോടതികളിൽനിന്നുണ്ടായാൽ സർക്കാർ വെട്ടിലാകും.
ഇതേസമയം, മലങ്കരസഭാ തർക്ക പരിഹാരത്തിന് സർക്കാർ മുൻ കൈയെടുത്ത് തയാറാക്കിയ മലങ്കര ചർച്ച് ബില്ല് നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ബിൽ കരട് അംഗീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും തീരുമാനമെടുക്കാത്ത സർക്കാർ നടപടിക്കെതിരെയാണ് ഇവരുടെ പ്രതിഷേധം. നേരത്തേ കരട് അംഗീകരിച്ച ഘട്ടത്തിൽ ബില്ലിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്സ് വിഭാഗവും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.