മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ചുപേരായി ചുരുക്കണമെന്ന് മലപ്പുറം കലക്ടർ ഉത്തരവിറക്കിയത് ഏകപക്ഷീയമായെന്ന് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫിസിനെ വരെ തെറ്റിദ്ധരിപ്പിച്ചാണ് മറ്റൊരു ജില്ലയിലുമില്ലാത്ത നിയന്ത്രണമേർപ്പെടുത്തി ഉത്തരവിറക്കിയതെന്നാണ് അറിയുന്നത്.
ജില്ല പൊലീസ് മേധാവി, ഡി.എം.ഒ ഉൾപ്പടെ ദുരന്തനിവാരണ സമിതിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചന നടത്താതെ കലക്ടർ സ്വന്തം നിലയിൽ തീരുമാനം എടുത്തുവെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ നൽകുന്ന സൂചന. മലപ്പുറത്ത് ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ കലക്ടർ അറിയിച്ചപ്പോൾ മത സംഘടനകളുടെ സമ്മതം കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിച്ചിരുന്നു.
എല്ലാവരുടെയും സമ്മതമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഉത്തരവിറക്കാൻ അനുവാദം നൽകിയത്. മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറയുകയും ചെയ്തു. ജനപ്രതിനിധികളുമായും മതനേതാക്കളുമായും ചർച്ച നടത്തിയശേഷമാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ട് വന്നതെന്നാണ് മാധ്യമ പ്രവർത്തകരെയും കലക്ടർ അറിയിച്ചത്.
എന്നാൽ, ഉത്തരവ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് മതനേതാക്കളും ജനപ്രതിനിധികളും രംഗത്തുവന്നു. തീരുമാനം അറിയില്ലെന്നും ഏകപക്ഷീയമായി എടുത്തതാണെന്നും ജനപ്രതിനിധികളും മതനേതാക്കളും അറിയിച്ചു.
കലക്ടറുടെ ഉത്തരവ് വന്നതിന് പിറകെ എതിർപ്പ് അറിയിച്ച് മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയും ഇറക്കി. മുസ്ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, സാദിഖലി തങ്ങൾ എന്നിവരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ്, ഫോർവേർഡ് ബ്ലോക്ക്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും ഇതേ ആവശ്യമുന്നയിച്ചു.
കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചുചേർത്ത ഒാൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളായ ഇ.ടി. മുഹമ്മദ് ബഷീർ, ടി.വി. ഇബ്രാഹീം എന്നിവരും ഇങ്ങനെ ഒരു തീരുമാനം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എടുത്തതെന്ന് മാധ്യമങ്ങളെ അറിയിച്ചു. കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചെങ്കിലും ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്ന നിർദേശമാണ് ജനപ്രതിനിധികൾ മുന്നോട്ടുവെച്ചിരുന്നത്.
തങ്ങളാരും ഇത്തരമൊരു തീരുമാനമെടുക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് അറിയിച്ച് ടി.വി. ഇബ്രാഹീം എം.എൽ.എ ശബ്ദ സന്ദേശവും ഇറക്കി. കോവിഡ് കേസുകൾ കൂടുതലുള്ള ജില്ലകളിൽ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ് മലപ്പുറത്ത് മാത്രമായി കലക്ടർ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.