ഹിന്ദു പത്രത്തിലെ പരാമർശത്തിലൂടെ മലപ്പുറത്തെ അപമാനിച്ചു; മുഖ്യമന്ത്രിക്കെതിരെ അൻവർ

കോഴിക്കോട്: ‘ദ ഹിന്ദു’ പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അൻവർ എം.എൽഎ. ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തിൽ കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു.

കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയെ വലിയ ക്രിമിനൽ ജില്ലയായി ചിത്രീകരിക്കുന്നു. ആർ.എസ്.എസുമായി ചേർന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാൻ ശ്രമിക്കുകയാണ്. മതസൗഹാർദത്തിന് കത്തിവെക്കുന്നത് മുഖ്യമന്ത്രിയാണെന്നും അൻവർ കുറ്റപ്പെടുത്തി. ഹിന്ദുവിലെ ലേഖനത്തിൽ സി.പി.എം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു. അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. കരിപൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്.

കൊണ്ടുവന്നവനോ, അയച്ചവനോ ആരെന്ന് നോക്കില്ല. സി.പി.എമ്മിനോടും ഇടതു മുന്നണിയോടും ജനങ്ങൾക്ക് ഉണ്ടായ അടുപ്പം ഇല്ലാതാക്കിയത് പൊലീസും ആഭ്യന്തര വകുപ്പുമാണെന്നും അൻവർ കുറ്റപ്പെടുത്തി. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാന കേസ് അന്വേഷണം പൊലീസ് അട്ടിമറിച്ചെന്നും അൻവർ ആരോപിച്ചു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ പൊലീസിൽനിന്നു തിരുവനന്തപുരത്ത് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനറായ ടി.പി. രാമകൃഷ്ണനും സി.പി.എം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ കത്ത് കൊടുത്തു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസിൽ നിന്നു ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ല. എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല. ഇതാണ് ലോകം. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ചു വലിച്ചാലും ആ കെട്ട് വിടാൻ തയാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെയെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - Malappuram insulted by a reference in the Hindu newspaper; Anwar against the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.