മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിന്റെ നാവ് -പി.കെ. ഫിറോസ്

കോഴിക്കോട്: മലപ്പുറത്തെ സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർ.എസ്.എസിന്റെ നാവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുടപിടിക്കുകയാണ് പിണറായി വിജയൻ. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നത് മലപ്പുറം ജില്ലയിലെ യാത്രക്കാർ മാത്രമല്ല, വിവിധ ജില്ലകളിൽനിന്നുള്ളവരാണ്.

വിമാനത്താവള പരിസരത്തുനിന്ന് പിടിക്കുന്ന സ്വർണക്കടത്ത് എങ്ങനെയാണ് മലപ്പുറം ജില്ലയുടെ കണക്കിൽപെടുത്തുന്നതെന്നും ഇവ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം. സുജിത് ദാസിനെ ജില്ല പൊലീസ് മേധാവിയായി നിയമിച്ചപ്പോൾ നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലയെ ക്രിമിനൽ താവളമാക്കി മാറ്റാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ നിയമസഭയിലും പോഷകഘടകങ്ങൾ തെരുവിലും ശക്തമായ സമരം നടത്തി. എന്നാൽ, അന്നത് ഗൗരവത്തിലെടുക്കാതിരുന്ന സർക്കാർ സുജിത് ദാസിന് ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ അവസരം നൽകുകയായിരുന്നു.

മുസ്‌ലിം ലീഗും പോഷക സംഘടനകളും പറഞ്ഞകാര്യങ്ങൾ പി.വി. അൻവർ എം.എൽ.എ വിളിച്ചുപറഞ്ഞപ്പോഴാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. മലപ്പുറം ജില്ലക്കെതിരെ ദേശീയമാധ്യമത്തിന് അഭിമുഖം നൽകിയ മുഖ്യമന്ത്രി സംഘ്പരിവാറിന്റെ വക്താവായി മാറി. തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാൻ പൂരം കലക്കി കളമൊരുക്കിയ പിണറായി വിജയൻ കമ്യൂണിസ്റ്റുകാർക്ക് അപമാനമാണ്. പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രതിഷേധത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ അപമാനിച്ചു -പി.എം.എ. സലാം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽനിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേത്. കരിപ്പൂർ വിമാനത്താവളം വഴിയെത്തുന്ന സ്വർണവുമായി പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂരുകാരാണ്. അത് മലപ്പുറത്തിന്റെ തലയിൽ ഇടാരുതെന്നും പി.എം.എ. സലാം പറഞ്ഞു.

Tags:    
News Summary - pk firos against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.