ചൂണ്ടയിട്ട് പാചകം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷമാക്കി ഭിന്നശേഷിക്കാർ

കൊച്ചി: ലോക ടൂറിസം ദിനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേറിട്ട അനുഭവമൊരുക്കി വൈപ്പിനിലെ ഹോട്ടല്‍ റസ്റ്റിക് ലീഷേഴ്‌സ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് മീന്‍ പിടിച്ചും പാചകകലയെ അടുത്തറിഞ്ഞും അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യം വഹിച്ചത് മനോഹര നിമിഷങ്ങള്‍ക്കായിരുന്നു. പരിമിതികള്‍ മറികടന്ന് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ടൂറിസം ദിനം ഏറെ ആഹ്ലാദകരമായി.

ഭിന്നശേഷി സൗഹൃദമായി ടൂറിസം ദിനം ആചരിക്കണമെന്ന ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആശയമാണ് ഇത്തരത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പുതിയ വേദിയൊരുങ്ങാന്‍ കാരണം. പളളുരുത്തിയിലെ ബ്രദേഴ്‌സ് ഓഫ് സെന്റ്.ജോസഫ് കോട്ടലെങ്കോയിലെ അംഗങ്ങളാണ് ലൈവ് ഫിഷിങ് ആന്‍ഡ് കുക്കിങ് പ്രോഗ്രാമില്‍ പങ്കെടുത്തത്. പെരുമ്പാവൂരിലെ ജയഭാരത് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സംഘത്തില്‍ മികവ് തെളിയിച്ച ഇടുക്കി ഉപ്പുതറ സ്വദേശി മനു സജിക്ക് ഹോട്ടലില്‍ ജോലിയും നല്‍കി.

ഉച്ചക്ക് ശേഷം നടന്ന ചടങ്ങില്‍വെച്ച് അപ്പോയിന്‍മെന്റ് ലെറ്റര്‍ മനുവിന് കൈമാറി. പിതാവ് സജിയും ചടങ്ങില്‍ പങ്കെടുത്തു. മകന് ഹോട്ടല്‍ രംഗത്ത് തൊഴില്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അവന്റെ ഇഷ്ടരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും മനുവിന്റെ പിതാവ് സജി പറഞ്ഞു. ജന്മനാ കേള്‍വി നഷ്ടപ്പെട്ട മനു മൂവാറ്റുപുഴ, അടൂര്‍ എന്നിവടങ്ങളിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കളമശേരിയിലെ സമര്‍ത്ഥനം ട്രസ്റ്റ് ഓഫ് ഡിസേബിള്‍ഡില്‍ നിന്ന് പ്രത്യേക കോഴ്‌സും പാസായ മനു ഇടക്കാലത്ത് പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹൗസ് കീപ്പിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.

കോവിഡ് സമയത്ത് തൊഴില്‍ നഷ്ടമായ മനുവിന് പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മനുവിനെ പോലെ ഇത്തരത്തില്‍ കഴിവുള്ള നിരവധി ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ ഉണ്ടെന്നും അവര്‍ക്ക് അര്‍ഹമായ തൊഴില്‍ കണ്ടെത്തി നല്‍കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ഷിബു പീറ്റര്‍ പറഞ്ഞു.

Tags:    
News Summary - People with disabilities celebrated World Tourism Day by cooking bait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.