ഷീന എസ്.ബി.ഐ ബാങ്ക് മാനേജറായി ചുമതലയേറ്റത് കഴിഞ്ഞദിവസം; വിശ്വസിക്കാനാകാതെ നാലംഗ കുടുംബത്തിന്റെ മരണം

മലപ്പുറം: കഴിഞ്ഞ ദിവസം എസ്.ബി.ഐ ബ്രാഞ്ച് മാനേജറായി ചുമതലയേറ്റ കണ്ണൂർ സ്വദേശിനിയും ഭർത്താവും രണ്ട് മക്കളും ജീവനൊടുക്കിയത് വിശ്വസിക്കാനാവാതെ നാട്ടുകാരും കുടുംബാംഗങ്ങളും. കണ്ണൂർ മുയ്യം വരഡൂൽ ചെക്കിയിൽ നാരായണന്റെ മകൾ ഷീന (35), ഭർത്താവ് കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ മേലേക്കാട്ടിൽപറമ്പ് സബീഷ് (37), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർദ്ധൻ (രണ്ടര) എന്നിവരെയാണ് ഇവർ താമസിച്ചിരുന്ന മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ എസ്.ബി.ഐയിൽ മാനേജരായി കഴിഞ്ഞ ദിവസമാണ് ഷീന ചാർജെടുത്തത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറായിരുന്നു സബീഷ്.

സബീഷ് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഷീന തൊട്ടടുത്ത മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. സബീഷ് മരിച്ച മുറിയിൽ കട്ടിലിലാണ് ശ്രീവർദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച കുടുംബക്കാർ ഷീനയെ നിരന്തരം ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ രാത്രി 11ഓടെ പൊലീസിൽ വിവിരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി മലപ്പുറം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ദാരുണസംഭവം അറിയുന്നത്. രാത്രി 12ഓടെ പൊലീസ് എത്തി വാതിൽ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു.

ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. മരണത്തിൽ അന്വേഷണം ആരംഭിച്ചതായി മലപ്പുറം പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - Malappuram munduparamb familicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.