അനധികൃത കൈമാറ്റം: മലപ്പുറം സി.ഡബ്ള്യു.സി ചെയര്‍മാനെ മാറ്റി

മലപ്പുറം: മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലേക്ക് (സി.ഡബ്ള്യു.സി) എത്തിച്ച കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്ത കേസില്‍ സി.ഡബ്ള്യു.സി ചെയര്‍മാന്‍ ഷെരീഫ് ഉള്ളത്തിനെതിരെ നടപടി. ഷെരീഫ് ഉള്ളത്തിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോപണങ്ങള്‍ ഗുരുതരമാണെന്നും അധികാര ദുര്‍വിനിയോഗം നടത്തിയതായി ശ്രദ്ധയില്‍പെട്ടതായും ഉത്തരവിലുണ്ട്. സംസ്ഥാനത്തെ സി.ഡബ്ള്യു.സികള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
2015 സെപ്റ്റംബറില്‍ കോഴിക്കോട് ആശുപത്രിയില്‍ യുവതി ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെ പിതാവ് മലപ്പുറം സി.ഡബ്ള്യു.സിക്ക് മുമ്പാകെ നല്‍കിയിരുന്നു. നടപടികള്‍ പാലിക്കാതെ സി.ഡബ്ള്യു.സി ചെയര്‍മാന്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തെന്ന പരാതിയിലാണ് നടപടി. യഥാര്‍ഥ മാതാപിതാക്കള്‍ക്കല്ലാതെ കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്യുക വഴി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കേസ്. സാമൂഹികനീതി ഡയറക്ടര്‍, സാമൂഹികനീതി ഡയറക്ടറേറ്റ് എന്നിവ അന്വേഷണ റിപ്പോര്‍ട്ട് സഹിതം സര്‍ക്കാറിന് പരാതി നല്‍കി. 
ഇതിന്‍െറ അടിസ്ഥാനത്തിലാണ് സി.ഡബ്ള്യു.സി ചെയര്‍മാനെ മാറ്റിയത്. സാമൂഹികനീതി ഡയറക്ടര്‍, ഡയറക്ടറേറ്റ് എന്നിവയുടെ ഇടപെടലിനെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ ഷെരീഫ് ഉള്ളത്തിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. ബാബുവിന് കൈമാറി. 

Tags:    
News Summary - malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.