തിരുവനന്തപുരം: ചില മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരെ തുറന്ന കത്തെഴുതിയ ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ'ക്ക് തുറന്ന കത്തിലൂടെ തന്നെ പ്രേംകുമാറിന്റെ മറുപടി. കാള പെറ്റെന്ന് കേട്ടാലുടൻ കയറെടുക്കരുതെന്നും താന്‍ ഉന്നയിച്ച വിഷയത്തില്‍ അഭിനേതാക്കള്‍ക്ക് ഒരു പങ്കുമില്ലെന്നിരിക്കെ, അപചയങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് സമ്മതിക്കുംവിധം സംഘടന രംഗത്തുവന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് പ്രേംകുമാര്‍ പറഞ്ഞു.
പുരോഗമന ആശയങ്ങളിലൂന്നി മുന്നോട്ട് പോകുന്ന സമൂഹത്തെ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് സാംസ്കാരിക പാപ്പരത്തിലേക്ക് നയിക്കരുതെന്നാണ് താൻ പറഞ്ഞതിന്റെ സാരം. പത്തുവര്‍ഷം മുമ്പും ഇതേ കാര്യംതന്നെ താന്‍ പറഞ്ഞിട്ടുള്ളതും മാധ്യമങ്ങളില്‍ വന്നിട്ടുള്ളതുമാണ്. പത്തുവര്‍ഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ ആത്മയുടെ ഭാഗത്തുനിന്ന് ഒരു ചര്‍ച്ചയോ ഏന്തെങ്കിലും ഇടപെടലോ ഉണ്ടായിട്ടില്ല. പകരം ഞാൻ എന്തുചെയ്തെന്നാണ് ആത്മയുടെ ചോദ്യം. ഞാന്‍ ഈ അപചയത്തെക്കുറിച്ച് പറയുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്ന് മാത്രമല്ല, തന്നെ അത് പറയാന്‍ പോലും അനുവദിക്കുന്നില്ല -കത്തിൽ പറയുന്നു.
ഉചിതമായ തിരുത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും തയാറാകാതെ, പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകള്‍ പോലും ഉപേക്ഷിച്ച, പരിഷ്കൃതസമൂഹത്തിന് നേരെ കൊഞ്ഞനംകുത്തുന്ന പ്രമേയങ്ങളും ഉള്ളടക്കങ്ങളുമായി ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ എപ്പോഴും പ്രേക്ഷക സമൂഹം ഒപ്പമുണ്ടായെന്ന് വരില്ല.
ക്രിയാത്മകമായ വിമര്‍ശനങ്ങളെയും നിര്‍ദേശങ്ങളെയും അഭിപ്രായങ്ങളെയുമൊക്കെ അതിന്റെ ശരിയായ അർഥവും ഉദ്ദേശ്യശുദ്ധിയുമൊന്നും മനസ്സിലാക്കാതെ പുച്ഛിച്ചുതള്ളുകയും അത് ഉയര്‍ത്തുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ശ്രത്രുവായി കാണുകയും ചെയ്യുന്നത് ഉത്തരവാദിത്തമുള്ള ഒരു സംഘടനക്ക് ഭൂഷണമല്ല. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ആശയരൂപവത്കരണം സാധ്യമാകുന്നിടത്താണ് ജനാധിപത്യം സൗന്ദര്യപൂര്ണമാകുന്നതെന്നും പ്രേകുമാർ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.