തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് സാക്ഷിയായ വയനാടിനായി ഒന്നിച്ച് സിനിമ താരങ്ങളും. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണമെന്ന സന്ദേശം നടന്മാരായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമടക്കം പ്രമുഖ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
‘കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കായി പ്രാർഥനയോടെ...’ -എന്ന സന്ദേശത്തിനൊപ്പം വിവിധ കൺട്രോൾ റൂം നമ്പറുകളും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലേക്ക് ആളുകൾ അനാവശ്യമായി എത്തരുതെന്ന് നിർദേശം. പ്രദേശം കാണാനെത്തുന്നവർ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തടസ്സമാകുന്നുണ്ട്. വാഹനങ്ങളിൽ കൂട്ടമായി ആളുകൾ എത്തുന്നതിനാൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
തിരുവനന്തപുരം: ഉരുൾപൊട്ടൽ വിവരമറിഞ്ഞ് ഒട്ടേറെ ആളുകള്‍ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും ദുരന്തമേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങൾ പോകുന്നത് കർശനമായി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ ഭാഗമായി തടയപ്പെടുന്നത്. സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി മനസ്സിലാക്കി ഇതിൽ സഹകരിക്കാൻ എല്ലാവരും തയാറാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.