ഇനി മലയാളം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തെ ആവശ്യങ്ങൾക്കുള്ള സർക്കാർ ഫോറങ്ങളും സർട്ടിഫിക്കറ്റുകളും മലയാളത്തിൽ മാത്രം അച്ചടിച്ചാൽ മതിയെന്ന് ധാരണയായി. ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ നിലനിർത്തിയാകും ഇത്. നിലവിൽ രണ്ട് ഭാഷയിൽ ഉണ്ടായിരുന്നതാണ് മലയാളത്തിൽ മാത്രമാക്കുക. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ഇത് ബാധകമാക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ഭാഷാ സംസ്ഥാനതല സമിതി യോഗത്തിന്‍റേതാണ് തീരുമാനം.

ക്ലർക്ക്-അസിസ്റ്റന്‍റ് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രബേഷൻ പൂർത്തിയാക്കും മുമ്പ് മലയാളം ടൈപ്പിങ് പരീക്ഷ കൂടി വിജയിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തും. സർവിസിലുള്ളവർക്ക് ഒരു വർഷത്തിനകം ഇതിൽ പരിശീലനം നൽകും. ഇക്കാര്യത്തിൽ നടപടിക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിനെ ചുമതലപ്പെടുത്തി. മലയാളത്തി‍െൻറ മഹാനിഘണ്ടുവായ ശബ്ദതാരാവലി ഓൺലൈനിൽ ലഭ്യമാക്കും. സിഡിറ്റ് തുടങ്ങിവെച്ച ഇതി‍െൻറ ജോലി മലയാള സർവകലാശാല, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനങ്ങളുടെ സഹായത്തോടെയാകും പൂർത്തിയാക്കുക.

സർക്കാർ വെബ്സൈറ്റുകൾ പ്രാഥമികമായി മലയാളത്തിൽ തയാറാക്കണമെന്നും ഇംഗ്ലീഷ് പേജിലെ വിവരം തെരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കണമെന്നും ഡീഫോൾട്ട് പേജ് മലയാളത്തിലാകണമെന്നും നിർദേശിച്ചിരുന്നുവെങ്കിലും പൂർത്തിയായില്ല. ഇത് സജ്ജമാക്കാൻ അടിയന്തര നടപടിക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.

ഔദ്യോഗിക ഭാഷാ വകുപ്പും വകുപ്പ് മേധാവികളും കലക്ടർമാരും സെക്രട്ടേറിയറ്റ് വകുപ്പുകളും സർവകലാശാലകളും ഇക്കാര്യത്തിൽ തുടർനടപടി എടുക്കാനും നിർദേശമുണ്ട്. യൂനികോഡ് ഫോണ്ടുകൾ വെബ്സൈറ്റിൽ ലഭ്യമാക്കാനും തീരുമാനിച്ചു.

കുട്ടികളിൽ മലയാള ഭാഷയിൽ താൽപര്യം വളർത്താൻ സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. ശരിയായ ലിപി വിന്യാസം പരിചയിപ്പിക്കുന്നതിന് പരിശീലന പരിപാടി നടത്തും. ഔദ്യോഗിക ഭാഷാ വകുപ്പി‍െൻറ ഓൺലൈൻ നിഘണ്ടു പരിഷ്കരിക്കും. ഇ-ഓഫിസിൽ ക്വിക് നോട്ടിങ് വിഭാഗത്തിൽ മലയാളവും ഉൾപ്പെടുത്താനും ധാരണയായി. മലയാളത്തിൽ തയാറാക്കുന്ന കത്തുകളിലും കുറിപ്പുകളിലും അക്ഷരത്തെറ്റും മറ്റും ഉണ്ടാകാതിരിക്കാൻ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

Tags:    
News Summary - Malayalam language only in administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.