കിയവിൽനിന്ന് പുറപ്പെട്ട ചാൻ ചാക്കോയടക്കുള്ള വിദ്യാർഥികൾ

കുടിച്ചത് കുളിമുറി വെള്ളം, ഭക്ഷണവുമില്ല.... യുദ്ധഭൂമിയിലെ വേദന പങ്കുവെച്ച് വിദ്യാർഥികൾ

ശ്രീകണ്ഠപുരം: 'രണ്ടു ദിവസമായി കുടിച്ചത് കുളിമുറിയിലെ വെള്ളം. നാമമാത്രമായി കിട്ടിയതാകട്ടെ പഴകിയ ഭക്ഷണവും. എംബസി മറ്റൊന്നും ചെയ്യുന്നില്ല. സ്വന്തമായി രക്ഷപ്പെടാൻ പറഞ്ഞു. ബാഗുകൾ ഉപേക്ഷിച്ച് ഞങ്ങൾ പുറത്തിറങ്ങി....' ഇത് യുക്രെയ്നിലെ കിയവിൽ ഓട്ടോമൊബൈൽ പഠിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം കണിയാർവയലിലെ ചാൻ ചാക്കോയുടെ വാക്കുകൾ.

സങ്കടക്കടലിലാണ് ചാനും സുഹൃത്തുക്കളും 80 മലയാളികളടക്കം 500ഓളം വിദ്യാർഥികൾ കിയവിലുണ്ട്. ഇതിൽ നിരവധി പെൺകുട്ടികളും ഉൾപ്പെടും. വലിയ ഹാളിൽ കഴിയുന്ന ഇവരുടെ ദുരിതം വീട്ടുകാരോട് പറഞ്ഞതോടെ നാട്ടിലും സങ്കടാവസ്ഥയാണ്. ആറുമാസം മുമ്പാണ് ചാൻ ചാക്കോയും കൊട്ടിയൂരിലെ അഭിജിത്തും തൃശൂരിലെ ചാർവിനുമെല്ലാം യുക്രെയ്നിൽ പഠനത്തിനെത്തിയത്.

യുദ്ധം തുടങ്ങിയതു മുതൽ ഭീകരാവസ്ഥ നേരിടുന്ന വിദ്യാർഥികളാണിവർ. ബോംബുകൾ വർഷിക്കുന്നതിന്റെ കാഴ്ചയും ഉഗ്രശബ്ദവും നേരിട്ടറിഞ്ഞ് ജീവൻ പണയം വെച്ചാണ് ഇവർ കഴിഞ്ഞത്. എംബസി പൂട്ടുകയാണെന്ന് പറഞ്ഞതോടെ ചാൻ ചാക്കോ ഉൾപ്പെടെയുള്ള മലയാളി വിദ്യാർഥികൾ സ്വന്തം ചെലവിൽ കിട്ടിയ തീവണ്ടി വഴി ലിവി വരെയെത്തി. ലിവിയിൽനിന്ന് മണിക്കൂറുകൾ കഴിഞ്ഞ് വന്ന തീവണ്ടിയിൽ കയറാൻ പറ്റാതായയോടെ രക്ഷതേടി കുറച്ച് വിദ്യാർഥികൾ ടാക്സി വണ്ടിയിൽ യുക്രെയ്ൻ അതിർത്തിയിലേക്ക് പുറപ്പെട്ടു.

അവിടെ നിന്ന് വീണ്ടും സഞ്ചരിച്ച് ഹംഗറിയിലെത്തണം. അവിടെ എത്തിയാൽ മാത്രമേ ഇവർക്ക് ഇന്ത്യയിലേക്ക് വിമാനം ലഭിക്കുകയുള്ളൂ. എന്നാൽ, വഴിനീളെ യുദ്ധഭീകരതയും യുക്രെയ്ൻ സേനയുടെ കർശന പരിശോധനയും. തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും സംശയം കാരണം ഏറെ വൈകിയാണ് സേന ഇവരെ വിട്ടയച്ചത്.

ഇനിയും 400 കി.മി സഞ്ചരിച്ചാൽ മാത്രമേ അതിർത്തിയിലേക്കെത്തുകയുള്ളൂ. പിന്നീട് വീണ്ടും തീവണ്ടി കിട്ടിയാൽ ഹംഗറിയിലെത്തും. ഭീതിയും വിശപ്പും ദാഹവും ഉള്ളിലൊതുക്കി അവർ യാത്ര തുടരുകയാണ്. ഹംഗറിയിലെത്തിയാൽ വിളിക്കാമെന്ന് പറഞ്ഞ് ഈ വിദ്യാർഥികൾ രാത്രിയിൽ ഫോൺവെച്ചു. അവിടെ മലയാളി അസോസിയേഷനുകളും സർക്കാർ പ്രതിനിധികളും ഇവരെ കാത്തിരിക്കുന്നുണ്ട്. ആശങ്കയൊഴിയാതെ കുടുംബാംഗങ്ങളും.

Tags:    
News Summary - malayali students sharing pain from the battlefield at ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.