ബംഗളൂരു: കോവിഡ്19 ഭീതിയിൽ ആശുപത്രികളിൽ ചികിത്സ നിഷേധിച്ച മലയാളി യുവതി ഒാട്ടോറിക്ഷയിൽ പ്രസവിച്ചു. ബംഗളൂരു നഗരത്തിൽ അഞ്ചു ആശുപത്രികൾ വാതിൽ കൊട്ടിയടച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയാണ് ഒാട്ടോറിക്ഷയിൽ മലയാളിയായ 25കാരി ആൺകുഞ്ഞിന് ജന്മം നൽകിയത്. കണ്ണൂർ സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്.
പ്രസവത്തിനായാണ് കണ്ണൂരിലെ ഭർതൃ വീട്ടിൽനിന്നും യുവതി ബംഗളൂരുവിലെ വിജയനഗറിലെ സ്വന്തം വീട്ടിൽ മാസങ്ങൾക്ക് മുമ്പ് എത്തിയത്. ഉമ്മക്കും സഹോദരനുമൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. ബംഗളൂരുവിലേക്ക് വരാനിരുന്ന ഭർത്താവ് ലോക്ഡൗണിൽ കണ്ണൂരിൽ കുടുങ്ങി.
വെള്ളിയാഴ്ച രാത്രി ഏഴോടെ പ്രസവ വേദനയെതുടർന്ന് ഉമ്മക്കും സഹോദരനൊപ്പം വീട്ടിലുണ്ടായിരുന്ന ഒാട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം വിജയനഗറിലെ ഹെൽത്ത് സെൻററിൽ സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി. പിന്നീട് ഗൈനോക്കോളജി ആശുപത്രിയായ വാണി വിലാസിലെത്തി.
കോവിഡിെൻറ പശ്ചാത്തലത്തിൽ പുതിയ കേസുകൾ എടുക്കില്ലെന്ന് പറഞ്ഞ് അവിടെനിന്നും തിരിച്ചയച്ചു. പിന്നീട് സഞ്ജയ് ഗാന്ധി ആശുപത്രിയിലുമെത്തി. കെ.എം.സി.സി പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ, അവിടെനിന്നും തിരിച്ചയച്ചതോടെ ശിവാജി നഗറിലെ ഗവ. ബൗറിങ് ആശുപത്രിയിലുമെത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല.
കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിൽ വി.വി പുരത്തെ ആശുപത്രിയിൽ സൗകര്യമൊരുക്കിയെങ്കിലും യാത്രക്കിടെ യുവതി അവശയായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി 11.35ഒാടെ സിറ്റി മാർക്കറ്റിലെ ജാമിയ മസ്ജിദ് റോഡിന് സമീപം ഒാട്ടോറിക്ഷയിൽ യുവതിയുടെ ഉമ്മ തന്നെ പ്രസവമെടുത്തു.
ബംഗളൂരു കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് യുവതിയെയും ആൺകുഞ്ഞിനെയും കിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആരോഗ്യപ്രശ്നമൊന്നും ഇല്ലാത്തതിനാൽ മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വൈകീട്ടോടെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.