ശബരിമല കാനനപാത നിയന്ത്രണത്തിനെതിരെ മലയരയർ ഹൈകോടതിയിൽ; 'സർക്കാർ നീക്കം കാനന ക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തും, ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തും'

കൊച്ചി: ശബരിമല അമ്പലത്തിലേക്കുള്ള പരമ്പരാഗത തീർത്ഥാടന പാതയായ കാനനപാതയിൽ സമയ നിയന്ത്രണം ഏർപ്പെടുത്തിയതിനെതി​രെ മല അരയ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പധർമ്മ സംഘം ഹൈകോടതിയിൽ. പാതയി​ലെ നിയന്ത്രണം കാനന ക്ഷേത്രങ്ങളുടേ പ്രസക്തി നഷ്ടപ്പെടുത്തുന്നതും പാതയിലുടനീളമുള്ള ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുന്നതും തീർത്ഥാടനത്തിൻറെ പവിത്രത ഇല്ലാതാക്കുന്നതുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

ഇന്ന് പരാതി പരിഗണിച്ച ഹൈകോടതി ദേവസ്വം ബെഞ്ച്, വനംവകുപ്പിനോടും ജില്ലാ പൊലീസ് മേധാവിയോടും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയരക്ടറോടും ഇതേക്കുറിച്ച് തിങ്കളാഴ്ചക്കകം വി​ശദീകരണം ഫയൽചെയ്യാൻ ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പാതയി​ലെ നിയന്ത്രണം ഒഴിവാക്കി 24 കോവിഡ് കാലത്തിന് മുമ്പുള്ളതുപോലെ 24 മണിക്കൂറും ഭക്തർക്കായി തുറന്നു നൽകണ​മെന്നാണ് ഹരജിക്കാരുടെ ആവശ്യം.

എന്നാൽ, രണ്ടുവർഷമായി അടഞ്ഞു കിടക്കുന്ന പാതയിൽ തീർഥാടകരുടെ സുരക്ഷ മാനിച്ചാണ് രാത്രി വിലക്ക് ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതി​യെ ബോധിപ്പിച്ചു. തിരക്ക് കുറക്കാനാണ് പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്. വന്യമൃഗ ശല്യത്തിൽ നിന്ന് തീർഥാടകർക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ കോടതി​യെ അറിയിച്ചു.

അതേസമയം, ഈ പാതയിൽ സമയ നിയന്ത്രണം കൊണ്ടുവന്നതിലൂടെ അതിപ്രാചീനകാലം മുതൽ തുടർന്നുവരുന്ന ആചാരങ്ങൾ നിഷേധിക്കപ്പെട്ടതായി ശ്രീ അയ്യപ്പധർമ്മ സംഘം ചൂണ്ടിക്കാട്ടി. പരമ്പരാഗത തീർത്ഥാടന കാനനപാതയിൽ അനാവശ്യമായ സമയ നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയത്. നിയന്ത്രണം ലക്ഷോപലക്ഷം തീർത്ഥാടകരിലും വിശ്വാസികളിലും കടുത്ത ദുഖവും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്. കേവലം 74 ദിവസങ്ങൾ മാത്രം നടത്തുന്ന തീർത്ഥാടനത്തിനാണ് മൂന്നാം വർഷവും തുടർച്ചയായി തടസ്സങ്ങൾ സൃഷ്ടിക്കുന്നത്.

തീർത്ഥാടനത്തിനായി എത്തുന്ന ഭക്തർക്കായി അയ്യപ്പൻ നിർദേശിച്ച പാതയാണ് പരമ്പരാഗത കാനനപാതയെന്നും ഈ പാതയിലൂടെയാണ് അയ്യപ്പൻ എരുമേലിയിൽ നിന്ന് ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ടതെന്നും ഹരജിയിൽ വ്യക്തമാക്കി. എരുമേലിയിൽനിന്ന് കോയിക്കക്കാവ്, കാളകെട്ടി വഴി അഴുത കടവിലെത്തി ഇഞ്ചിപ്പാറക്കോട്ട - മുക്കുഴി- പുതുശ്ശേരി, കരിമല വഴി പമ്പയിലെത്തി നീലിമലകയറി സന്നിധാനത്തെത്തുന്ന പാതയാണ് പരമ്പരാഗത കാനനപാത.

2020ലും 2021ലും കോവിഡിന്റെ മറവിലായിരുന്നു പാത അടച്ചത്. ഇതിനെതിരെ മല അരയ ആത്മീയ പ്രസ്ഥാനമായ ശ്രീ അയ്യപ്പധർമ്മ സംഘവും മല അരയ മഹാസഭയും നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് പാത തുറക്കുകയായിരുന്നു. എന്നാൽ, ഈ വർഷം യാതൊരു കാരണവും വ്യക്തമാക്കാതെയാണ് പാതയിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്ന് ജനറൽ സെക്രട്ടറി സി.എൻ മധുസൂദനൻ പറഞ്ഞു.

രാജഭരണത്തിനും ജനാധിപത്യ ഭരണത്തിനും മുന്നേ നിലവിൽവന്ന ശബരിമല അമ്പലത്തിലേക്കുള്ള ഏക തീർത്ഥാടനപാതയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാതയിലെ നിരവധി താവളങ്ങൾ പുനഃസ്ഥാപിച്ചും പാതയിലുടനീളം സോളാർ ലൈറ്റുകളും പാതയുടെ ഇരുവശത്തും താവളങ്ങളിലും സോളാർ ഫെൻസിങ്ങുകളും സ്ഥാപിച്ചും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചും ഭക്തജനങ്ങൾക്കു സംരക്ഷണം നൽകേണ്ടതിനുപകരം വ്യക്തമായ കാരണമില്ലാതെ ഭക്തരെ അകറ്റുന്നത് പ്രതിഷേധാർഹമാണ്. സമയ നിയന്ത്രണം ഒഴിവാക്കി തടസ്സങ്ങളില്ലാതെ സ്വാമി ഭക്തരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യ​പ്പെട്ടു.

എരുമേലിയിൽ നിന്ന് കാനനപാതയിലൂടെ പമ്പ വരെ 31 കി.മീറ്ററാണ് പാതയുടെ ദൂരം. ജില്ലാ കലക്ടർ നവംബർ 25ന് ഇറക്കിയ ഉത്തരവ് പ്രകാരം ഇതുവഴി രാവിലെ ഏഴുമുതൽ വൈകീട്ട് 3.30 വരെയാണ് യാത്ര അനുവദിക്കുന്നത്. 

Tags:    
News Summary - Malayaraya community files petition in High Court against restrictions imposed on the Sabarimala traditional pilgrimage footpath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.