കാളികാവ്: ജോലിക്കെന്നുംപറഞ്ഞ് അന്തർസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയി പണവും മൊബൈലും മോഷ്ടിക്കൽ പതിവാക്കിയയാൾ പിടിയിൽ. പാണ്ടിക്കാട് കൊളപ്പറമ്പ് സ്വദേശി കുന്നുമ്മൽ സുനീർബാബു (40) ആണ് അറസ്റ്റിലായത്. വിവിധയിടങ്ങളിലായി 15ഓളം മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിവിധയിടങ്ങളിൽ നിർമാണം നടക്കുന്നതോ താമസമില്ലാത്തതോ ആയ വീടുകൾ കണ്ടെത്തി നിർമാണത്തിനെന്നു പറഞ്ഞ് തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോകും. ജോലിക്കിടെ മൊബൈൽ ഫോണുകളും പണവുമടങ്ങിയ സഞ്ചി കൈക്കലാക്കി മുങ്ങുകയാണ് പതിവ്.
കഴിഞ്ഞമാസം 18ന് കാളികാവ് ചെങ്കോട്ടിലെ ബാബു എന്നയാളുടെ താമസമില്ലാത്ത വീട്ടിലേക്ക് മൂന്നു തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരുകയും ജോലിക്കിടെ പണവും മൊബൈലും കൈക്കലാക്കുകയും ചെയ്തു. 5000 രൂപയും 15,000 രൂപയുടെ മൊബൈൽ ഫോണുമാണ് നഷ്ടമായത്.കാളികാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആളെ തിരിച്ചറിഞ്ഞു.
പ്രതി കോഴിക്കോട് പന്നിയങ്കരയുണ്ടെന്ന് കണ്ടെത്തി വിവരങ്ങൾ കൈമാറി. പന്നിയങ്കര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കാളികാവ് പൊലീസിന് കൈമാറി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ സി. സുബ്രഹ്മണ്യൻ, വി. ശശിധരൻ, സി.പി.ഒമാരായ പി. വിനു, വി. വ്യതീഷ്, റിജേഷ്, മധു, ശ്രീധർ, നൗഷാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.