ഓൺലൈനിൽ സാധനം വാങ്ങുന്നവർക്ക് കാറും പണവും 'സമ്മാനം'; ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഷോപ്പിങ് വെബ്സൈറ്റുകളിൽനിന്ന് ഓൺലൈനിൽ സാധനം വാങ്ങുന്നവർക്ക് കാറും പണവും  'സമ്മാനം' അടിച്ചെന്ന് അറിയിച്ച് പണം തട്ടിയെടുത്ത ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാൾ കൃഷ്ണപൂർ നോർത്ത് 24 പർഗണാസ് രാജർഹട്ട് സ്വദേശി ബിക്കിദാസിനെയാണ് (22) ​തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്​.

തട്ടിപ്പ് രീതി ഇങ്ങനെ:

നാപ്​റ്റോൾ, സ്നാപ്ഡീൽ തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന്​ സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാർസൽ സർവിസ് കമ്പനികളിൽനിന്ന്​ ശേഖരിച്ച്​ ദുരുപയോഗം ചെയ്യുന്നതാണ്​ ഇവരുടെ തട്ടിപ്പ്​ രീതി. ഉപഭോക്താക്കൾക്ക് സ്ക്രാച്ച്​ ആൻഡ്​ വിൻ കാർഡ്​ രജിസ്റ്റേഡ് പോസ്റ്റിൽ അയക്കുകയും കാർ, വൻ തുക എന്നിവ സമ്മാനമായി ലഭിച്ചെന്ന്​ ധരിപ്പിക്കുകയും ചെയ്യും.

ഫോൺ നമ്പറിൽ ബന്ധപ്പെടുന്ന ഉപഭോക്താവിന്​ സമ്മാനം ലഭിക്കാൻ സർവിസ് ടാക്സ്, രജിസ്ട്രേഷൻ ചാർജ്​, ഗിഫ്റ്റ് ചാർജ്​, ജി.എസ്​.ടി, ഇൻഷുറൻസ് തുടങ്ങിയ ചാർജുകൾ അടയ്​ക്കേണ്ടതുണ്ടെന്ന്​ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്​​ ഓൺലൈനിലൂടെ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ്​ ബിക്കിദാസെന്ന്​ പൊലീസ്​ പറഞ്ഞു.

മുരുക്കുംപുഴ സ്വദേശിനിയിൽനിന്ന്​ തട്ടിയെടുത്തത് 7.45 ലക്ഷം രൂപ

കർണാടക, ബംഗാൾ സംസ്ഥാനങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന്​ ഇയാൾക്കെതിരെ കേസുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് പ്രതി തട്ടിപ്പിന്​ ഉപയോഗിച്ചത്. മുരുക്കുംപുഴ സ്വദേശിനിയിൽനിന്ന്​ 7,45,400 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

പിടികൂടിയത് ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

ഡി.സി.ആർ.ബി ഡിവൈ.എസ്​.പി വിജുകുമാറിന്‍റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖർ, എസ്​.സി.പി.ഒ വിമൽകുമാർ, സി.പി.ഒമാരായ ശ്യാംകുമാർ, അദീൻ അശോക് എന്നിവരടങ്ങുന്ന സംഘം പശ്ചിമബംഗാളിലെ ന്യൂടൗണിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് രണ്ടുമാസത്തോളം നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായതെന്ന്​ തിരുവനന്തപുരം റൂറൽ എസ്​.പി ഡി. ശിൽപ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു. 

Tags:    
News Summary - Man arrested for involvement in e-commerce scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.