ഒന്നേകാൽ ലക്ഷത്തിന്റെ ഫോൺ കവർന്നു, ലോക്ക് തുറക്കാനായില്ല; മോഷ്ടാവ് പിടിയിൽ

ഷൊർണൂർ: ട്രെയിൻ യാത്രക്കാരന്റെ ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ റെയിൽവേ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ചേവായൂർ കൊടുവാട്ട് പറമ്പിൽ പ്രജീഷ് (48) ആണ് പിടിയിലായത്. ഇയാൾ ഫോൺ തന്റേതാണെന്ന് പറഞ്ഞെങ്കിലും ലോക്ക്  തുറക്കാനായില്ല. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് റെയിൽവേ പൊലീസ് പറയുന്നത്:

ഗോവ സ്വദേശിയായ ഭരത് പ്രകാശ് പ്രജാപത് കുടുംബസമേതം ചൊവ്വാഴ്ച പുലർച്ച ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തി. ബംഗളൂരുവിലേക്ക് പോകാനുള്ള ട്രെയിൻ കാത്തിരിക്കുന്നതിനിടെ ഭരത് പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിൽ കിടന്നുറങ്ങി. ഇദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു. ഫോൺ കാണാത്തതിനെ തുടർന്ന് രാവിലെ ഒമ്പതോടെ റെയിൽവേ പൊലീസിൽ പരാതി നൽകി. പൊലീസ് പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയിരുന്ന ആളെ വിളിച്ചുണർത്തി ചോദ്യം ചെയ്തു. പരസ്പരബന്ധമില്ലാതെ ഉത്തരം നൽകിയ ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ബാഗിൽ കണ്ടെത്തിയ ഫോൺ തന്റേതാണെന്ന് പറഞ്ഞെങ്കിലും ലോക്ക് ഇയാൾക്ക് തുറക്കാനായില്ല. തുടർന്ന് പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് വിളിച്ചപ്പോൾ പ്രസ്തുത ഫോൺ റിങ് ചെയ്തു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for mobile theft in railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.