ചങ്ങരംകുളം: പെരുമ്പടപ്പിലെ ചിറവല്ലൂർ കടവിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പട്ടേരി സ്വദേശി പെരുമ്പംകാട്ടിൽ സജീവ് അഹമ്മദിനെയാണ് (38) പെരുമ്പടപ്പ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ തിങ്കളാഴ്ച രാത്രി പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി. ചിറവല്ലൂർ ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫിയാണ് (42) ഞായറാഴ്ച വൈകീട്ട് നാലരയോടെ വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സജീവ് അഹമ്മദിന്റെ വീട്ടിലെത്തിയ ഷാഫി സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു. സജീവ് അഹമ്മദിന്റെ എയർഗണ്ണിൽനിന്നാണ് ഷാഫിക്ക് വെടിയേറ്റത്. തോക്ക് പരിശോധിക്കുന്നതിനിടെ ഷാഫിയുടെ കൈയിൽനിന്ന് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് സജീവിന്റെ മൊഴി.
എന്നാൽ, സജീവിന്റെ കൈയിലായിരുന്നു എയർഗൺ എന്ന മറ്റുസുഹൃത്തുക്കളുടെ മൊഴിയിലാണ് അറസ്റ്റ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനഫലവും വന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ കഴിയൂവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതിനുശേഷമേ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂ.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ആമയത്തെ വീട്ടിലെത്തിച്ച ഷാഫിയുടെ മൃതദേഹം ആറരയോടെ ആമയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.