പാലക്കാട്: ചെറാട് സ്വദേശി ബാബു കുടുങ്ങിക്കിടന്ന മലമ്പുഴ കൂർമ്പാച്ചി മലയിൽ ഞായറാഴ്ച രാത്രി കയറിയ ആളെ വനം വകുപ്പ് പിടികൂടി. ആനക്കല്ല് ഭാഗത്തുള്ള രാധാകൃഷ്ണൻ (45) എന്നയാളെയാണ് പിടികൂടിയത്. മാനസിക അസ്വസ്ഥ്യമുള്ള ഇയാൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളാണെന്നും വനമേഖലയിൽ ചുറ്റിക്കറങ്ങുന്നയാളാണെന്നും വനം വകുപ്പ് ഉദ്യേഗസ്ഥർ പറഞ്ഞു.
രാത്രി 9.30ഓടെ മലമുകളിൽനിന്ന് ഫ്ലാഷ്ലൈറ്റുകൾ മിന്നുന്നതായി താഴെ താമസിക്കുന്നവർ അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് വനപാലക സംഘം മലമുകളിൽ തിരച്ചിൽ നടത്തി. എറ്റവും മുകളിൽ നിരപ്പായ ഭാഗത്തുനിന്നാണ് ലൈറ്റ് കണ്ടത്. മലമുകളിൽ നിന്ന് ഇറങ്ങിവന്നയാളെയാണ് വനപാലക സംഘം പിടികൂടിയത്.
അതേസമയം, മലയുടെ മുകളിൽ നിന്ന് ഒന്നിലധികം ഫ്ലാഷ് ലൈറ്റുകൾ കണ്ടിരുന്നുവെന്നും മലയുടെ മുകളിൽ ഒന്നിലധികം ആളുകളുണ്ടെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, രാധാകൃഷ്ണൻ കയ്യിലുണ്ടായിരുന്ന ടോർച്ച് ലൈറ്റ് പ്രകാശിപ്പിക്കുകയും അണക്കുകയും ചെയ്തിരുന്നു. ഇതാണ് ഒന്നിലധികം ലൈറ്റുകളുണ്ടെന്ന് നാട്ടുകാർക്ക് തോന്നാനുള്ള കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാബു കുടുങ്ങിക്കിടന്നത് മലയുടെ എറ്റവും ദുർഘടവും ചെങ്കുത്തായതുമായ എലിച്ചിലം ഭാഗത്തായിരുന്നു. വനം വകുപ്പിന്‍റെ പാലക്കാട് ഡിവിഷന് കീഴിലാണ് ചെറാട് കൂർമ്പാച്ചി മലവാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.