കൊളത്തൂർ: ഗള്‍ഫില്‍നിന്ന് കൊടുത്തുവിട്ട സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. താമരശ്ശേരി വെളിമണ്ണ സ്വദേശി ചാപ്പിലങ്ങോട് ഷമീറാണ് (33) പിടിയിലായത്.ബുധനാഴ്ച വൈകീട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങ് ചന്തപ്പറമ്പിൽ തന്‍റെ വീടുപണി നടക്കുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന മൊയ്തീൻ ഷായെ കാറിലും ബൈക്കിലുമായി വന്ന ആറുപേർ ചേര്‍ന്ന് ബലമായി പിടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
മർദനത്തിനുശേഷം വ്യാഴാഴ്ച പുലർച്ച കോഴിക്കോട് ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. മൊയ്തീന്‍ഷാ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഊർജിത അന്വേഷണം നടത്തിയത്. തട്ടിക്കൊണ്ടുപോയി താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍വെച്ച് മര്‍ദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴി നൽകി. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശ പ്രകാരം കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കലും സംഘവുമാണ് കേസന്വേഷിച്ചത്.
ഗള്‍ഫില്‍നിന്ന് കൊടുത്തുവിട്ട സ്വര്‍ണം പ്രതികള്‍ക്ക് കൈമാറാതെ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘത്തിന് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചു.സ്വര്‍ണത്തിന്‍റെ വിലയായ 50 ലക്ഷം രൂപ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി സ്വദേശികളായ ആറുപേര്‍ മൊയ്തീന്‍ഷായുടെ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. മുഖ്യപ്രതികളിലൊരാളായ ഷമീര്‍ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റുപ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും മുമ്പും സമാന കേസുകളില്‍ പ്രതിയായവര്‍ കൂട്ടത്തിലുണ്ടെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും സി.ഐ. സുനില്‍ പുളിക്കല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.