പാനൂർ (കണ്ണൂർ): പാനൂർ മുളിയാത്തോട് മാവുള്ള ചാലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചു. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച പുലർച്ച ഒരുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല.
വിവരമറിഞ്ഞ് കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറിൽ സി.പി.എമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സി.പി.എമ്മുകാരെ മർദിച്ചതിന് ഉൾപ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സി.പി.എമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലിൽ വലിയപറമ്പത്ത് നാണു പ്രാദേശിക സി.പി.എം നേതാവാണ്.
ഡി.ഐ.ജി തോംസൺ ജോസ്, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരിച്ച ഷറിൽ ചമ്പാട് കുറിച്ചിക്കര നെല്ലിയുള്ള പറമ്പത്ത് പരേതനായ പുരുഷു- കൈവേലിക്കൽ കാട്ടീന്റവിട ശാരദ ദമ്പതികളുടെ മകനാണ്. സഹോദരൻ: ശരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.