മൃതദേഹമടങ്ങിയ ആംബുലന്‍സുമായി ചാവക്കാട് കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചപ്പോള്‍

മരംമുറിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു; മൃതദേഹവുമായി കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടതുത്ത് കൊഴക്കി വീട്ടില്‍ നാരായണനാണ് (46) ബുധനാഴ്ച വൈകീട്ട് മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. നേരത്തെ അറിയിച്ചിട്ടും മരം മുറിച്ച് പൂര്‍ത്തിയാകും മുമ്പ് ലൈന്‍ ഓണ്‍ ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചാവക്കാട് കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധം അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും കുടുംബത്തിന് ധനസഹായം നല്‍കുന്നത് ഉന്നത അധികൃതര്‍ക്ക് കത്ത് നല്‍കാമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പ് നല്‍കി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. അപകട മരണം സംഭവിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹമടങ്ങിയ ആംബുലന്‍സുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാനോ വിശദീകരണം നല്‍കാനോ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആരും എത്തിയില്ലെന്ന് നാരായണന്റെ ബന്ധുക്കള്‍ പറഞ്ഞു. ഒരു മാനുഷിക പരിഗണനയും ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായില്ലെന്നും അവരുടെ കുറ്റകരമായ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു.


Tags:    
News Summary - Man electrocuted while logging, protest against KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.