മലപ്പുറം: റിട്ടയേഡ് ജവാൻ മലപ്പുറം മേൽമുറി മച്ചിങ്ങൽ സ്വദേശി നരിപ്പറ്റ അലവിയെ (75) കാണാതായിട്ട് ഏഴ് മാസം. ബന്ധുക്കൾ മാസങ്ങളോളം തമിഴ്നാട്ടിലുടനീളവും തീർഥാടന കേന്ദ്രങ്ങളിലും അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. തമിഴ്നാട് പൊലീസിെൻറ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല. കഴിഞ്ഞ ജനുവരി ആറിന് മകളുടെ പഠനാവശ്യത്തിനായി ചെന്നൈ പെരുമ്പാക്കത്തേക്ക് കുടുംബത്തോടൊപ്പം പോയതായിരുന്നു.
അവിടെ വാഹനം നിർത്തി സാധനങ്ങൾ ഇറക്കിവെക്കുന്നതിനിടെ, പിതാവിനെ കാണാതാവുകയായിരുന്നെന്ന് മകൻ അൽ ബർകത്ത് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പള്ളിയിലേക്ക് പോയതാണെന്നും ഉടൻ വരാമെന്നുമാണ് മറുപടി പറഞ്ഞത്. എന്നാൽ, പിന്നീട് വിളിച്ചപ്പോൾ കിട്ടിയില്ല. ചെറുതായി മറവിരോഗമുള്ളതിനാൽ അപ്പോൾതന്നെ പെരുമ്പാക്കം ടി 17 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരം വാട്സ്ആപ്പിലും ഷെയർ ചെയ്തിരുന്നു.
പിറ്റേന്ന്, മൂന്ന് കിലോമീറ്റർ അപ്പുറമുള്ള പള്ളിക്കരണിയിലെ മൊബൈൽ ഷോപ്പിൽ പിതാവ് ചെന്നിരുന്നതായി വിവരം ലഭിച്ചു. സ്കൂട്ടറിൽ കയറി പോകുന്നതായി സി.സി ടി.വിയിലും കണ്ടു. ലോക്കൽ പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ കമീഷണർ ഓഫിസിൽ പരാതി നൽകി. ചെങ്കൽപേട്ട് കലക്ടർക്കും തമിഴ്നാട് മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തീർഥാടന കേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും തമിഴ്നാട്ടിലെ മറ്റു നഗരങ്ങളിലുമടക്കം ബന്ധുക്കൾ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.
മുഖ്യമന്ത്രിക്കും മലപ്പുറം എസ്.പി ഓഫിസിലും രണ്ട് തവണയും പരാതി കൊടുത്തിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്ന് അൽ ബർകത്ത് പറഞ്ഞു. ഭർത്താവിനെ കണ്ടെത്താൻ നടപടി വേണമെന്ന് ഭാര്യ കെ.പി. ഫാത്തിമയും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഫാത്തിമയുടെ സഹോദരൻ കെ.പി. അബ്ദുൽ ഖാദറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.