കോട്ടക്കൽ: വിവാഹം മുടങ്ങിയതിന് പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ യുവാവ് കോട്ടക്കലിൽ പിടിയിൽ. മലപ്പുറം വലിയാട് വടക്കേതിൽ അബു താഹിറിനെയാണ് (28) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒതുക്കുങ്ങൽ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്‍റെ വീടിന് നേരെയാണ് പ്രതി എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.
ഒരു വർഷം മുൻപ് ഇബ്രാഹിമിന്‍റെ മകളുമായി താഹിറിന്‍റെ നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നീട് ഈ ബന്ധത്തിൽ വിള്ളൽ വീണു. വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
താഹിറിന്‍റെ കൈവശമുള്ള പക്ഷികളെ വെടിവെക്കുന്ന എയർഗൺ ഉപയോഗിച്ച് രണ്ട് തവണയാണ് നിറയൊഴിച്ചത്. വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.