സ്​ഥലം ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: കുടിൽ കെട്ടിയ സ്​ഥലം ഒഴിപ്പിക്കാൻ കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്‍റെ ഇരു വൃക്കകളും തകരാറിലായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ അമ്പിളി ചികിത്സയിൽ തുടരുകയാണ്.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. ഇവർ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഈ മാസം 22ന്​ ഒഴിപ്പിക്കൽ നടപടിക്കായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജനും ഭാര്യയും തീകൊളുത്തിയത്.

ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും രാജൻ മരണമൊഴി നൽകിയിരുന്നു. തീപിടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

രാജന്‍റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. 

Tags:    
News Summary - man who tried to commit suicide by setting himself on fire died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.