നമ്മുടെ അർജുനല്ലേ, കുടുംബത്തോട് മാപ്പ് പറയുന്നു; എല്ലാം ഇവിടെ തീരട്ടെ -ലോറിയുടമ മനാഫ്

കോഴിക്കോട്:ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും മനാഫ് വീട്ടിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നമ്മുടെ അർജുനല്ലേ, എല്ലാ വിവാദങ്ങളും വിട്ടുകള. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പി.ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000ന് മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിന് കൈയിൽ തെളിവുണ്ട്. കണക്കു പുസ്തകം പരിശോധിച്ചാൽ അതിൽ അർജുന്റെ ഒപ്പ് കാണാം. അർജുന് വേണ്ടി ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. തെളിവുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊല്ലാം. നിയമ നടപടിയും സ്വീകരിക്കാം. ഇന്‍ഷുറന്‍സ് തുക ആ കുടുംബത്തിന് വാങ്ങിനല്‍കണം എന്നാഗ്രഹിച്ചു. അതിന് വേണ്ടിയാണ് അര്‍ജുന്റെ ശമ്പളത്തിന്റെ കാര്യം മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞതെന്നും മനാഫ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. ഇനി ഉപയോഗിക്കേണ്ട എന്ന് കരുതിയ ആ യൂട്യൂബ് ചാനൽ തുടരും. അതിന്റെ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്.-മനാഫ് പറഞ്ഞു.

അര്‍ജുന്റെ ബൈക്കുമായി ബന്ധപ്പെട്ട വിവാദത്തിലും മനാഫ് പ്രതികരിച്ചു. ബൈക്ക് നന്നാക്കിയ പൈസ മുഴുവന്‍ നല്‍കിയത് അര്‍ജുന്‍ തന്നെയാണ്. വര്‍ക് ഷോപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ തന്റെ വീട്ടില്‍ വെച്ചുവെന്ന് മാത്രം. അര്‍ജുന്റെ മൃതദേഹം കിട്ടിയതിന് ശേഷമാണ് വിവാദം തുടങ്ങിയത്. വാഹന ഉടമ ആരെന്നതില്‍ വന്ന വിവാദമാണ് ഇവിടെവരെയെത്തിയത്. സഹോദരന്‍ മുബീന്‍ ആണ് ആർ.സി ഉടമ. അദ്ദേഹത്തിന്റെതും കൂടിയാണ് ലോറി. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണെന്നും എല്ലാ വിവാദങ്ങളും ഇതോടെ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

Tags:    
News Summary - Manaf reacts to allallegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.