കൽപറ്റ: വയനാട് മെഡിക്കൽ കോളജ് വയനാടിെൻറ കാത്തിരിപ്പിന് തൽക്കാലം വിരാമം. കൽപറ്റയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട മെഡിക്കൽ കോളജ് ആറു വർഷത്തിന് ശേഷം വരുന്നത് മാനന്തവാടി ജില്ല ആശുപത്രിയിൽ.
കൽപറ്റയും മാനന്തവാടിയും സുൽത്താൻ ബത്തേരിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഗവ.മെഡിക്കൽ കോളജിന് വടംവലി നടക്കുന്നതിനിടയിലാണ് സർക്കാർ പ്രഖ്യാപനം വന്നത്. വൈകിയാണെങ്കിയും മാനന്തവാടിയിൽ മെഡിക്കൽ കോളജ് തുടങ്ങുന്നത് വടക്കേ വയനാട്ടിൽ മാത്രമല്ല, ജില്ലയിലാകെ പുതിയ പ്രതീക്ഷ ഉയർത്തി.
അതേസമയം, കൽപറ്റയിൽ നിന്ന് മെഡിക്കൽ കോളജ് വഴിമാറി പോയത് വിവാദമായി തുടരും. തെരഞ്ഞെടുപ്പിലും മെഡിക്കൽ കോളജ് വിഷയം ചർച്ചയാകും. ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുേമ്പാൾ, കൽപറ്റക്കടുത്ത് മടക്കിമലയിലും ചേലോടും മെഡിക്കൽ കോളജ് വരുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായി.
താഴെ അരപ്പറ്റയിലെ വിംസ് മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു. സർക്കാർ മെഡിക്കൽ കോളജ് മാനന്തവാടിയിൽ തുടങ്ങുന്നത് ചികിത്സ രംഗത്ത് ജില്ലക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. ജില്ല ആശുപത്രിയുടെ മുഖഛായ തന്നെ മാറും. ഉന്നത ചികിത്സ സൗകര്യങ്ങൾ സമീപ ഭാവിയിൽ ഇവിടെ ലഭ്യമാവും.
മാനന്തവാടി: ഒടുവിൽ മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്താൻ സർക്കാർ തീരുമാനം. മാനന്തവാടി താലൂക്കിൽ പുതിയ തീരുമാനം ആഹ്ലാദം പടർത്തി. നിർമാണം പൂർത്തിയായ നഴ്സിങ് കോളജ് കെട്ടിടത്തിൽ ഈ വർഷം തന്നെ എം.ബി.ബി.എസ് പഠനം ആരംഭിക്കും.
1923 ലാണ് മാനന്തവാടിയിൽ താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 1957 ൽ 274 കിടക്കകളുമായി ചികിത്സ തുടങ്ങി. 1980 ൽ ജില്ല രൂപവത്കരണത്തോടെ ജില്ല ആശുപത്രിയായി ഉയർത്തി. എന്നാൽ കിടക്കകളുടെ എണ്ണം നാല് പതിറ്റാണ്ടായിട്ടും ഉയർത്തിയിരുന്നില്ല.
മെഡിക്കൽ കോളജ് ഡയറക്ടർ ഓഫ് ഹെൽത്ത് സർവിസിന് കീഴിൽ തുടരുമോ എന്നുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിലേ വ്യക്തമാകൂ. 14 ന് ജില്ല ആശുപത്രിയിൽ എത്തുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും.
കൽപറ്റ: ജില്ല ആശുപത്രിയെ മെഡിക്കൽ കോളജ് ആയി പ്രഖ്യാപിച്ച നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു.
ഒരു തരത്തിലും മുന്നൊരുക്കം നടത്താതെയാണ് ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുമെന്ന് പറയുന്നത്. നിലവിൽ ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുന്നതിന് ഭൗതിക സാഹചര്യമില്ല.
കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കും എന്ന് പറയുകയും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരുവിധ പ്രവർത്തനങ്ങൾ നടക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ജില്ല പ്രസിഡൻറ് സംഷാദ് മരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.