തിരുവനന്തപുരം: മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കർണാടക ഡി.ജി.പിയുമായി ഇക്കാര്യം സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അക്രമസംഭവങ്ങളിൽ പങ്കാളിത്തമില്ലാത്തവരെ വിട്ടയക്കുമെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിെട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ പൊലീസ് രാവിലെ കസ്റ്റഡിയിെലടുത്തിരുന്നു. മീഡിയ വൺ, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 അടക്കം പത്തോളം വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ് കസ്റ്റഡിയിലായത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ് മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക് ആശുപത്രി പരിസരത്തു നിന്നാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പൊലീസ് നടപടി.
േപാസ്റ്റ്മോർട്ടം വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയവരെ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ കമീഷണറേറ്റ് ഒാഫീസിലേക്ക് മാറ്റി. ഇവരെ കേരള-കർണാടക അതിർത്തി കടത്തിവിടാനുള്ള തീരുമാനത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.