മഞ്ചേരി: മങ്കട കൂട്ടിൽ സദാചാര മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി. മഞ്ചേരി ഒന്നാം അഡീഷനൽ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം. തുഷാര്‍ മുമ്പാകെയാണിത്.
വിചാരണക്കിടെ യുവാവിനെ പ്രതികള്‍ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കോടതിയിലെ മോണിറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഒരുമിനിറ്റും 34 സെക്കൻഡും ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടതോടെ കോടതി മുറി ഏറെ നേരം നിശബ്ദമായി.
ക്രൂരമായാണ് പ്രതികൾ മരിച്ച നസീര്‍ ഹുസൈനെ (40) മർദിച്ചത്. ഒന്നാം പ്രതിയുടെ മൊബൈല്‍ ഫോണിലായിരുന്നു രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ഇത് പ്രതികള്‍ തന്നെ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് ഫോണ്‍ പിടിച്ചെടുക്കുകയും തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയക്കുകയുമായിരുന്നു. മെമ്മറി കാര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ ദൃശ്യങ്ങള്‍ തിരിച്ചെടുത്ത സയന്റിഫിക് ഓഫിസര്‍ ജി.ആര്. ഗോപികയെ ആദ്യ ദിനം കോടതിയില്‍ വിസ്തരിച്ചു.
നിലവില്‍ തൃശൂര്‍ സൈബര്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ അസിസ്റ്റന്റ് ഡയറക്ടറായ ഗോപിക കോടതിയില്‍ ഹാജരാക്കിയ എട്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും തിരിച്ചറിഞ്ഞു. ഇതോടെ ഇവ കോടതി രേഖയായി സ്വീകരിച്ചു. രാവിലെ ആരംഭിച്ച വിചാരണ വൈകീട്ട് അഞ്ചുവരെ തുടര്‍ന്നു. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ സഹോദരനുമായ കൂട്ടില്‍ കുന്നശ്ശേരി മുഹമ്മദ് നവാസ്, രണ്ടാം സാക്ഷിയും വീട്ടുടമ, ദൃക്സാക്ഷി ലത്തീഫ് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നെങ്കിലും ഇവരെ വിസ്തരിക്കാനായില്ല.
മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന് ഷറഫുദ്ദീന് (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43), ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍.
2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് സംഭവം. വിചാരണ ഇനി ഒക്ടോബര്‍ 25ന് പുനരാരംഭിക്കും.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യുവും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ പി.വി. ഹരി കോഴിക്കാട്, ഇ.എം. കൃഷ്ണന് നമ്പൂതിരി എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.