കണ്ണൂർ: അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധിപേർ സ്വന്തം ഭൂമിയിൽ നിന്നും കിടപ്പാടത്തിൽ നിന്നും പറിച്ചുമാറ്റപ്പെടും. പാതക്കായി 15 മുതൽ 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക. ജില്ലയിലെ ജനസാന്ദ്രത കൂടിയ പല മേഖലകളിലൂടെയും പാത കടന്നുപോകും. നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്തുക എന്നതാണ് സിൽവർ ലൈൻ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്കായുള്ള പ്രാഥമിക അനുമതിയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. അന്തിമ അലൈൻമെൻറ് പ്രകാരം പാത പോകുന്ന വഴിയിൽ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമാണ് സർക്കാർ വാഗ്ദാനം.
എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള അനുമതിക്കു ശേഷം മാത്രമെ സംസ്ഥാന സർക്കാറിന് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. ഇതുവരെ ഇതിനായുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. അതിനാൽ സർക്കാറിനെ സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിന് ഇനിയും കടമ്പകളേറെയാണ്.മാഹിയിൽ നിലവിലെ പാതയുടെ പടിഞ്ഞാറ് ഭാഗത്തൂടെയാണ് പുതിയ പാതപോകുക. അതിനാൽ മാഹി, തലശ്ശേരി നഗരങ്ങളെ പുതിയ പാത കാര്യമായി ബാധിക്കില്ല. മുഴപ്പിലങ്ങാട് ബൈപാസ് മുതൽ നടാൽ ഗേറ്റ് വരെ നിലവിലെ റെയിൽപാതയുടെ കിഴക്ക് ഭാഗത്തും വരാൻ പോകുന്ന നാലുവരി ഹൈവേയുടെ ഇടയിലുമാണ് പുതിയ റെയിൽപാത വരിക.
ഇതിനിടയിൽ 50 മുതൽ 100 മീറ്റർ സ്ഥലം മാത്രമേ നിലവിൽ മിക്കയിടങ്ങളിലുമുള്ളൂ. അതിവേഗ റെയിൽപാതക്കായി ഭൂമി ഏറ്റെടുക്കുന്നതോടെ ജനം വീണ്ടും ദുരിതത്തിലാകും. 11 ജില്ലകളിലായി 1226 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 529.45 കിലോമീറ്ററിലാണ് സംസ്ഥാനത്ത് ആകെ റെയിൽപാത.
അതിവേഗ റെയിൽ പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ നടപ്പാക്കുന്നതിന് പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. ഇവിടങ്ങളിൽ ആകാശപാതയാണ് വിഭാവനം ചെയ്യുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതിൽ 88 കിലോമീറ്ററും ആകാശപാതയാക്കും. എന്നാൽ, നെൽവയലുകളും കൃഷിഭൂമിയും കൂടുതലുള്ള ജില്ലയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ ആശങ്ക ഇരട്ടിയാണ്. കിടപ്പാടത്തിനൊപ്പം കൃഷിഭൂമിയും നഷ്ടമാകുമെന്ന പ്രതിസന്ധിയും സാധാരണക്കാർക്കിടയിൽ വ്യാപകമാകും.
പാതയുടെ സാമൂഹികാഘാത പഠനം നടത്തുന്നതിെൻറ ഭാഗമായി റവന്യൂ വകുപ്പ് കണ്ണൂർ ജില്ല കലക്ടറോട് റിപ്പോർട്ട് തേടും. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.