മനാമ: ഉണ്ടായിരുന്ന കച്ചവടം കോവിഡ് മൂലം തകർന്ന് ഇനിയെന്തെന്ന ചിന്തയിലിരിക്കുമ്പോഴാണ് 30കാരനായ മലയാളി യുവാവ് തിരുവനന്തപുരം സ്വദേശിയായ ഏജന്റിനെ പരിചയപ്പെടുന്നത്. ജോലിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പരിചയപ്പെട്ട സഹ ഉദ്യോഗാർഥി വഴിയായിരുന്നു ഈ പരിചയപ്പെടൽ. ബഹ്റൈനിൽ എയർപോർട്ടിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും അത് ശരിയാക്കിത്തരാമെന്നുമായിരുന്നു വാഗ്ദാനം.
അവസ്ഥ മോശമായിരുന്നതുകൊണ്ട് അത് കേട്ടപ്പോൾ മറ്റൊന്നുമാലോചിച്ചില്ലെന്ന് യുവാവ് പറഞ്ഞു. ഏജന്റ് ആവശ്യപ്പെട്ട ഒരു ലക്ഷം രൂപ പലവിധേന സംഘടിപ്പിച്ചു നൽകി. ഇതിനിടെ അന്ന് അഭിമുഖത്തിന് പരിചയപ്പെട്ട ആളുകളിൽ പലരിൽനിന്നും ഈ ഏജന്റ് പണം വാങ്ങിയതായി അറിഞ്ഞു. വിസിറ്റിങ് വിസയിൽ ബഹ്റൈനിലെത്തിച്ച ശേഷം തൊഴിൽ വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം.
ചിലരെ ആദ്യഘട്ടത്തിൽ ഇവിടെ എത്തിച്ചതായി അറിഞ്ഞപ്പോൾ വിശ്വാസം വർധിച്ചു. വിസിറ്റിങ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ തനിക്ക് സ്ഥാപനമുണ്ടെന്നും ഇൻവെസ്റ്റർ വിസ നൽകാമെന്നുമൊക്കെ പറഞ്ഞു. എയർപോർട്ടിൽ വരുമ്പോൾ 360 ദീനാർ കരുതൽ പണമായി കാണിക്കേണ്ടി വരുമെന്നും അത് കരുതണമെന്നും പറഞ്ഞു.
ഒരു പൈസപോലും കൈയിലില്ലെന്ന് പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും സംഘടിപ്പിക്കാനാണ് പറഞ്ഞത്. ഇവിടെയെത്തിയ ഉടൻ തിരികെ ഇട്ടുകൊടുക്കാമെന്ന് പറഞ്ഞപ്പോൾ അയൽവാസിയുടെ സ്വർണം പണയം വെച്ച് ആ പൈസയുമായി എത്തുകയായിരുന്നു. ഇവിടെ വന്നപ്പോൾ എല്ലാവരേയും ഒരു മുറിയിലാക്കി.
കരുതൽ പണം ഏജന്റ് വാങ്ങുകയും രണ്ടു ദിവസത്തിനകം തിരികെ ഇട്ടുകൊടുക്കാമെന്ന് പറയുകയും ചെയ്തു. രണ്ടു ദിവസമെന്നത് ആഴ്ചകളാകുകയും ജോലിയൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ യുവാക്കൾ കാര്യമന്വേഷിച്ചു. അപ്പോൾ ഭീഷണിയായിരുന്നു മറുപടി.
നിയമാനുസൃതമായല്ല നിങ്ങൾ ഇവിടെയുള്ളതെന്നും പൊലീസിന്റെ പിടിയിലാകുമെന്നുമായിരുന്നു ഭീഷണി. പത്തിലധികം ആളുകളിൽ നിന്ന് ഈ ഏജന്റ് പണം വാങ്ങിയതായി യുവാക്കൾ പറയുന്നു. കുറച്ചുപേർ നാട്ടിലാണ്. ചിലരിൽനിന്ന് രണ്ടര ലക്ഷം രൂപ വരെ ഈടാക്കിയിട്ടുണ്ട്. പണം നൽകിയ ഇവർ വിസ കാത്തിരിക്കുകയാണ്.
ഏജന്റ് ഫോൺ പോലുമെടുക്കാൻ കൂട്ടാക്കാതെ വന്നതോടെ മുറി വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനും മാർഗമില്ലാതെ വലഞ്ഞ യുവാക്കളെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് ടിക്കറ്റ് സംഘടിപ്പിച്ചുനൽകി നാട്ടിലേക്കയക്കുകയായിരുന്നു. തട്ടിപ്പിന്റെ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളാണ് തട്ടിപ്പിനിരയായത്.
മനാമ: ബഹ്റൈനിലെ നിയമം സംബന്ധിച്ച അജ്ഞത മുതലാക്കിയാണ് പലപ്പോഴും തട്ടിപ്പുകാർ ഇരകളെ വലയിലാക്കുന്നത്. വിസിറ്റിങ് വിസയിലെത്തിച്ച ശേഷം ജോബ് വിസയിലേക്ക് മാറാമെന്ന് പറഞ്ഞ് വ്യാമോഹിപ്പിച്ചാണ് ഏജന്റുമാർ സാധാരണക്കാരെ വലയിലാക്കുന്നത്.
ഇവരിൽനിന്ന് സാധാരണ വിസക്ക് ആവശ്യമായ തുകയുടെ അഞ്ചു മുതൽ പത്തുവരെ ഇരട്ടി തുക ഏജന്റുമാർ ഈടാക്കുകയും ചെയ്യും. എന്നാൽ, ഇങ്ങനെയെത്തുന്നവർ കുടുങ്ങാനുള്ള സാധ്യതയേറെയാണെന്ന കാര്യം ഏജന്റുമാർ ഇവരിൽനിന്ന് മറച്ചുവെക്കുകയാണ്. ഇങ്ങനെയെത്തുകയും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ ഇവർ തെരുവിലാക്കപ്പെടുന്നതായാണ് കണ്ടുവരുന്നത്.
രണ്ടുവിധത്തിൽ വിസിറ്റിങ് വിസ എടുക്കാം. ആർക്കും അപേക്ഷിക്കാവുന്ന ഇ-വിസയും അംഗീകൃത ഏജൻസികൾ മുഖേന എടുക്കാവുന്ന ഇ.എൻ.ഒ.സി വിസയും. ഇ.എൻ.ഒ.സി വിസ വിസ എടുത്താൽ അങ്ങനെ വരുന്നവരുടെ ഉത്തരവാദിത്തം ഏജൻസിക്കായിരിക്കും.
എന്നാൽ, അധിക ഏജന്റുമാരും ഇ-വിസയിലാണ് ആളുകളെ ഇവിടെയെത്തിക്കുന്നത്. വരുന്ന സമയത്ത് കൺഫേമായ മടക്ക ടിക്കറ്റും 360 ദീനാറിന് തുല്യമായ തുകയും ബഹ്റൈനിലെ ഹോട്ടൽ ബുക്കിങ്ങോ രക്തബന്ധമുള്ളവരുടെ വിലാസമോ കൈവശമുണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്.
എന്നാൽ, മടക്ക ടിക്കറ്റിനുപകരം ഡമ്മി ടിക്കറ്റ് നൽകി ആളുകളെ കയറ്റിവിടുന്ന ഏജന്റുമാരുണ്ട്. ഇങ്ങനെയാണ് ഇവർ എമിഗ്രേഷനിൽ തടഞ്ഞുവെക്കപ്പെടുന്നത്. എന്നാൽ, ഈ കടമ്പയൊക്കെ കടന്ന് എത്തിയാലും ജോലി ലഭിക്കണമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിർബന്ധമില്ല.
250 ദീനാർ അധികം നൽകി വിസിറ്റിങ് വിസയിലെത്തുന്നവർക്ക് ജോബ് വിസയിലേക്ക് മാറാൻ സർക്കാർ അനുവദിക്കുന്നുണ്ട്. എന്നാൽ, വിസിറ്റിങ് വിസ ഏത് സ്പോൺസറുടെ പേരിലാണോ ആ കമ്പനിയിലേക്ക് മാത്രമേ ഇങ്ങനെ മാറാനാകൂ. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞാൽ രണ്ടോ മൂന്നോ തവണ മാത്രമേ അത് പുതുക്കാനാകൂ.
വിസിറ്റിങ് വിസയിലെത്തി തിരികെപ്പോകാത്തവർക്ക് വലിയ പിഴ നൽകേണ്ടിവരും. ജോബ് വിസയിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്ക് മാത്രമേ പൊതുമാപ്പ് വന്നാലും സാധാരണഗതിയിൽ ഇളവ് നൽകാറുള്ളൂ.
ജോലി ലഭിക്കാതെ ഏജന്റുമാരുടെ തട്ടിപ്പിനിരയായി ബഹ്റൈനിലെത്തി ആഹാരം പോലും ലഭിക്കാതെ ബുദ്ധിമുട്ടിയ നിരവധിപേരെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ച പരിരക്ഷയേ അവർക്ക് ലഭിക്കൂ.
ജോലി വാഗ്ദാനം ലഭിച്ചുകഴിഞ്ഞാൽ അത് സംബന്ധിച്ച് വിശദമായി അന്വേഷിച്ചതിനുശേഷം മാത്രമേ പണം നൽകാവൂ. എന്തുതരം വിസയാണ് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം. തൊഴിൽ ലഭ്യത ഉറപ്പുവരുത്തിയ ശേഷമേ യാത്ര തിരിക്കാവൂ എന്നും സാമൂഹികപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.