മാവോവാദി കേസ്: എൻ.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു

കൊച്ചി: ദക്ഷിണേന്ത്യയിൽനിന്നുള്ള യുവാക്കളെ സി.പി.ഐ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്ൾസ് ലിബറേഷൻ ഗറില്ല ആർമിയിലേക്ക് (പി.എൽ.ജി.എ) റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളി സ്വദേശി ആഞ്ജി, സുധാകർ എന്നീ പേരുകളിൽ അറിയപ്പെട്ട ആഞ്ജനേയലുവിനെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽനിന്നുള്ള എൻ.ഐ.എ സംഘം ആന്ധ്രപ്രദേശിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

ആന്ധ്രപ്രദേശിലെ മാവോവാദി അംഗങ്ങൾ യുവാക്കൾക്ക് സായുധ പരിശീലനം നൽകിയതായും ക്യാമ്പുകൾ സംഘടിപ്പിച്ചതായും എൻ.ഐ.എ ആരോപിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ എൻ.ഐ.എ കൊച്ചി യൂനിറ്റ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ആദ്യ അറസ്റ്റ്.

കേരളത്തിൽ മാവോയിസ്റ്റ് കേസ് അന്വേഷിക്കുന്ന എൻ.ഐ.എക്ക് ദക്ഷിണേന്ത്യയിൽനിന്നുള്ള കാഡർ റിക്രൂട്ട്‌മെന്റിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ ഉടൻ കോടതിയെ സമീപിക്കും.

Tags:    
News Summary - Maoist case: NIA arrests one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.