മാവോവാദി നേതാവ് സോമൻ പൊലീസ് കസ്റ്റഡിയിൽ; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം

പാലക്കാട്: കോടതി വളപ്പിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് മാവോവാദി നേതാവ് സോമൻ. അഗളി സ്റ്റേഷൻ പരിധിയിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച ജില്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു മുദ്രാവാക്യം. ‘പശ്ചിമഘട്ടത്തിലെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയായ പിണറായി വിജയനെ ജനങ്ങൾ തെരുവിൽ വിചാരണ ചെയ്യുക’, ‘കോർപറേറ്റ് മുതലാളിയായ പിണറായിയെ വിചാരണ ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു.

രാവിലെ കനത്ത പൊലീസ് സുരക്ഷയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ സോമനെ ആഗസ്റ്റ് 28 വരെ റിമാൻഡ് ചെയ്ത് നാലു ദിവസത്തേക്ക് അഗളി പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടു. പൊലീസ് തന്നെ മർദിച്ചതായും നിരവധി പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായും രോഗിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉറങ്ങാൻ അനുവദിച്ചില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. അദ്ദേഹത്തിന് വൈദ്യസഹായം ഒരുക്കണമെന്ന് കോടതി നിർദേശിച്ചു. നടപടികൾക്കുശേഷം ഉച്ചക്ക് 12ഓടെയാണ് കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നത്.

തണ്ടർബോൾട്ട് ഉൾപ്പെടെ വൻ സുരക്ഷ സന്നാഹമാണ് കോടതിയിലുണ്ടായിരുന്നത്. മാവോവാദി നേതാവും വയനാട് നാടുകാണി ദളം കമാൻഡറുമായ സോമനെ ശനിയാഴ്ച രാത്രിയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഭീകരവിരുദ്ധ സേന (എ.ടി.എസ്) പിടികൂടിയത്. കൽപറ്റ സ്വദേശിയായ ഇദ്ദേഹം പൊലീസിനെ ആക്രമിച്ചതടക്കം നിരവധി യു.എ.പി.എ കേസുകളിൽ പ്രതിയാണ്.

2012 മുതൽ മാവോവാദി ആശയങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങിയ സോമനെതിരെ വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 76 കേസുകളാണുള്ളത്. 2015ൽ അട്ടപ്പാടിയിൽ പൊലീസിനുനേരെ നിറയൊഴിച്ച കേസിൽ ഒന്നാം പ്രതിയാണ്.

Tags:    
News Summary - Maoist leader Soman in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.