കേരളം അനുഭവിക്കുന്ന ദുരിതങ്ങളിൽ കേന്ദ്രത്തിന്റെ നിലപാട് അനുഭാവപൂര്‍വമല്ല- എന്‍.കെ. പ്രേമചന്ദ്രന്‍

ന്യൂഡൽഹി: സാധാരണക്കാരെ വിസ്മരിച്ചു കൊണ്ടുള്ള മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബഡ്ജറ്റ് നിരാശാജനകമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ബഡ്ജറ്റിനെ എതിര്‍ത്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ആശങ്ക ഉന്നയിച്ചത്. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചു. വിനോദസഞ്ചാരം കേരളത്തിലെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. വിനോദസഞ്ചാര മേഖല ഉള്‍പ്പെടെ കേരളത്തിന് ഒരു പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.

വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രകൃതിദുരന്തത്താല്‍ കേരളം അനുഭവിക്കുന്ന ദുരിതങ്ങളോട് അനുഭാവപൂര്‍വ്വമായ നിലപാടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അത് മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളില്ല. കേരളത്തെ ഇത്രയേറെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേരളത്തോട് കാണിക്കുന്ന ഈ വിവേചനം ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.

നായിഡു നിതീഷ് സംഖ്യത്തിന്‍റെ മാത്രം താല്‍പര്യം കണക്കിലെടുത്തുള്ള ബഡ്ജറ്റ് വിവേചനാധിഷ്ഠിതമാണ്. എന്‍സ്ക്വയര്‍ സര്‍ക്കാരായി മൂന്നാം മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് പൂര്‍ണ്ണമായും ടി.ഡി.പി, ജെ.ഡി.യു കക്ഷികളെ ആശ്രയച്ചായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

എങ്ങനെയും ഈ കക്ഷികളെ പ്രീണിപ്പിക്കുക എന്നതു മാത്രമാണ് ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. രാഷ്ട്രീയമായി പിന്‍താങ്ങുന്ന കക്ഷികളുടെ സംസ്ഥാനങ്ങളെ അതിരുകടന്ന് സഹായിക്കുകയും എതിര്‍ക്കുന്ന സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാവുന്നതല്ല.

തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബഡ്ജറ്റിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള പൂര്‍ണ്ണ ബഡ്ജറ്റിലും എല്ലാ മേഖലകള്‍ക്കും വകയിരുത്തിയിരിക്കുന്ന തുക ഏകദേശം ഒന്നുതന്നെയാണ്. എന്നാല്‍ പൂര്‍ണ്ണ ബഡ്ജറ്റില്‍ ഒട്ടനവധി പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു.

അതിനുള്ള വരുമാനം എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഓരോ മേഖലകള്‍ക്കും അനുവദിച്ചിരിക്കുന്ന തുകയും പ്രഖ്യാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ബഡ്ജറ്റ് സുതാര്യമല്ലെന്ന് വ്യക്തമാകും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ക്രിയാത്മകമായ ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന എംപ്ലോയ്മെന്‍റ് ലിന്‍ഗ്ഡ് ഇന്‍റസന്‍റീവ് തൊഴിലില്ലായ്മ പരിഹരിക്കാന്‍ പര്യാപ്തമല്ല.

തൊഴിലുടമകള്‍ക്ക് ഗുണവും തൊഴിലാളികള്‍ക്ക് പ്രയോജനവുമില്ലാത്ത പദ്ധതികൊണ്ട് കൂടുതല്‍ തൊഴിലവസരമുണ്ടാകുന്നില്ല. ഇന്‍റേണ്‍ഷിപ്പ് പദ്ധതി നല്ലതാണെങ്കിലും നടപ്പാക്കണമെങ്കില്‍ നിയമനിര്‍മ്മാണം ഉണ്ടാകണം.

വിഷയങ്ങളെ വസ്തുതാപരമായി വിലയിരുത്തി ശാസ്ത്രീയമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എസ്.എം.ഇയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിക്ക് ആവശ്യമായ പണം നീക്കിവച്ചിട്ടില്ലായെന്നതും ഗൗരവകരമാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ പറഞ്ഞു.

Tags:    
News Summary - The Center's stance on the sufferings of Kerala is not sympathetic - NK Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.