ഇരിട്ടി: വോട്ടു ബഹിഷ്കരണ ആഹ്വാനവുമായി മുഴക്കുന്നിൽ മാവോവാദി പോസ്റ്ററുകൾ. സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിൽ മുഴക്കുന്ന് ഗവ. യു.പി സ്കൂൾ പ്രധാന ഗേറ്റിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട പോസ്റ്റർ ഉടൻ തന്നെ പൊലീസ് എത്തി നീക്കംചെയ്തു. രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക, ഇലക്ഷൻ ബഹിഷ്കരിക്കുക, സി.പി.ഐ മാവോയിസ്റ്റ് കബനിദളം എന്ന പേരിലാണ് പോസ്റ്റർ. 69, 70, 71, 72 പോളിങ് ബൂത്തുകളുള്ള സ്കൂളിലെ പ്രധാന ഗേറ്റിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. പോസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിയോജക മണ്ഡലത്തിലെ പ്രശ്നസാധ്യത ബൂത്തുകളിൽപെട്ടതാണ് സ്കൂളിലെ നാല് പോളിങ് സ്റ്റേഷനുകളും.
ഇപ്പോൾ മാവോവാദി പോസ്റ്റർ കൂടി പ്രത്യക്ഷപ്പെട്ടതോടെ ബൂത്തിനുള്ള സുരക്ഷ ശക്തമാക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യമുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വയനാട് കമ്പമലയിൽ ഇറങ്ങിയ നാലുപേർ അടങ്ങിയ മാവോവാദി സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ പോസ്റ്റർ പ്രചാരണം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മുൻ തെരഞ്ഞെടുപ്പുകളിലുണ്ടായ കള്ളവോട്ട് ആരോപണവും സംഘർഷവുമെല്ലാം ഇവിടെ എറെ ചർച്ചയായതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.