കേളകം: കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പന്ന്യാംമലയിലെ വീട്ടിൽ മാവോവാദി സംഘമെത്തി. ശനിയാഴ്ച രാത്രി 7.15 ഓടെ നാലംഗ മാവോവാദി സംഘം പന്ന്യാംമലയിലെ തുണ്ടുതറ കാര്ത്തികേയെൻറ വീട്ടിലാണെത്തിയത്. നാല് മണിക്കൂറിലധികം ചെലവഴിച്ച സംഘം ഭക്ഷണ സാധനങ്ങളുമായാണ് മടങ്ങിയത്.
മാവോവാദികളെത്തിയ സമയത്ത് കാർത്തികേയന്റെ ഭാര്യ ഉഷ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രണ്ട് സ്ത്രീകൾ വീടിനുള്ളിലേക്ക് വന്ന് ഞങ്ങളെ അറിയാമോ എന്ന് ചോദിക്കുകയും മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ആയിരുന്നുവെന്ന് ഉഷ പറഞ്ഞു. പിന്നീട് രണ്ടു പുരുഷന്മാരുമെത്തി. വീടിനുളളിൽ എത്തിയ സമയം മുതൽ മൂന്നു ഫോണും പവർബാങ്കും ഒരു ലാപ്ടോപ്പും ചാർജ്ജ് ചെയ്തെന്നും ഉഷ പറഞ്ഞു.
നാലു മണിക്കൂറിലധികം ഇവരുടെ വീട്ടിൽ ചെവലഴിച്ച സംഘം കെ.റെയിൽ പദ്ധതി അനാവശ്യമാണെന്നു പറഞ്ഞു. കൈവശമുണ്ടായിരുന്ന തോക്കുകൾ ഉഷയെ കാണിച്ച് പരിചയപ്പെടുത്തിയതായും അവർ പറഞ്ഞു. തുടർന്ന് ഭക്ഷ്യ സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. വീടിന് പിറകിലെ വനപ്രദേശം വഴിയാണ് പോയതെന്നും ഉഷ പറഞ്ഞു.
മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. കൊട്ടിയൂർ അമ്പായത്തോട്ടിലും പാൽ ചുരത്തിലും പന്നിയാം മലയിലും സായുധരായ മാവോവാദികൾ തമ്പടിക്കുന്നതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കാർത്തികേയൻ, ഭാര്യ ഉഷ എന്നിവരുടെ മൊഴി പൊലീസ് വീട്ടിലെത്തി രേഖപ്പെടുത്തി. മാവോവാദികളുടെ ചിത്രം കാണിച്ച് ആരൊക്കെയാണ് വന്നതെന്ന് പരിശോധിച്ചു. മാവോവാദി നേതാവ് മൊയ്തീൻ, കവിത, രമേഷ്, ജിഷ എന്നിവരാണ് വീട്ടിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊട്ടിയൂരിൽ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നിടങ്ങളിൽ മാവോവാദികൾ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.