കൊച്ചി: മണിപ്പൂർ വിഷയം മറന്നുകൊണ്ടല്ല പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതെന്ന് യാക്കോബായ സഭ മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ്. മണിപ്പൂർ സംബന്ധിച്ച് സഭയുടെ ആശങ്ക നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നോടെ മണിപ്പൂർ വിഷയം കൂടുതൽ ചർച്ചയായെന്നും മാർ തെയോഫിലോസ് പറഞ്ഞു.
ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാട്. പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. ആദരണീയനായ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലും നവകേരള സദസ്സിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ല, സർക്കാർ നടത്തുന്ന പരിപാടിയായാണ് കാണുന്നതെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ മന്ത്രി സജി ചെറിയാൻ വിമർശിച്ചത് വിവാദമായിരുന്നു. ചില ബിഷപ്പുമാർക്ക് ബി.ജെ.പി നേതാക്കൾ വിളിച്ചാൽ പ്രത്യേക രോമാഞ്ചമാണെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ മറന്നെന്നും മറ്റുമായിരുന്നു ആലപ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ സജി ചെറിയാന്‍റെ പ്രസംഗം. മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മാർ തെയോഫിലോസ് വ്യക്തമാക്കി.
ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തത് രാഷ്ട്രീയ വിഷയമായി കാണേണ്ടെന്നും ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി) വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞിരുന്നു.
‘വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാരെന്ന് അപഹസിക്കുന്നത് ഒരു മന്ത്രിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണം. ഉന്നത സ്ഥാനത്തിരിക്കുന്നയാൾ ഔന്നത്യത്തിന് യോജിച്ച വിധമാകണം പ്രതികരിക്കേണ്ടത്. സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ടുവാണ് ഉപയോഗിക്കുന്നത്. ഈ പാര്‍ട്ടിയിലെ നേതാക്കൾ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. ഇത്തരക്കാരിൽ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. കേരളത്തിന്‍റെ സംസ്‌കാരത്തിന് യോജിച്ചവിധം മാന്യമായി വിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അത്തരം വിമര്‍ശനങ്ങളാണ് ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്നുണ്ടാകേണ്ടത്’ -ഫാ. ജേക്കബ് പാലക്കാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.