കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിൽ സംഭവ സമയം പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് വെറുതെ വിട്ടു. പ്രായപൂർത്തിയാവാത്ത മൊത്തം അഞ്ച് പ്രതികളിൽ നാലുപേരെ നേരത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിച്ചെങ്കിലും ജില്ല കോടതി വെറുതെവിട്ടിരുന്നു.
കേസ് പരിഗണിക്കുമ്പോൾ മുംബൈയിൽ ഒളിവിലായിരുന്ന പ്രതികളിലൊരാളുടെ കേസിലാണ് ഇപ്പോൾ വിധിവന്നത്. ഇതോടെ രണ്ടാം മാറാട് കലാപ ഭാഗമായുള്ള മുഴുവൻ കേസുകളിലും കോടതി വിധിപറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. ബഷീർ ഹാജരായി.
കൊലപാതകക്കുറ്റമടക്കമുള്ള കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ആരോപിച്ചിരുന്നത്. നാലുകൊല്ലം മുമ്പാണ് പ്രതി കീഴടങ്ങിയിരുന്നത്. 2003 മേയ് രണ്ടിന് അന്യായമായി സംഘം ചേര്‍ന്ന് കൊല നടത്തിയതില്‍ അരയ സമാജത്തിലെ എട്ടുപേരും ആക്രമണ സംഘത്തിലെ യുവാവും മരിച്ചതായാണ് കേസ്.
വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി നേരത്തെ ശിക്ഷിച്ചത്. ഇതിൽ 62 പേർക്കും ജീവപര്യന്തം തടവ് വിധിച്ചു. ഹൈകോടതി ഈ വിധി ശരിവെച്ചതിനുപുറമെ പ്രത്യേക കോടതി വെറുതെവിട്ട 24 പ്രതികൾക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2021ൽ വിചാരണ സമയം ഒളിവിലായിരുന്ന രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.