മരട്: പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളും സർക്കാർ ഏറ്റെടുത്തു. ഒഴിയാനായി ഉടമകൾക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞതോടെയാണിത്. വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വീണ്ടും വിച്ഛേദിച്ചു. ഫ്ലാറ്റുടമകളുടെ ആവശ്യപ്രകാരം 10 ദിവസത്തേക്കുകൂടി പുനഃസ്ഥാപിച്ചതായിരുന്നു വൈദ്യുതി. കെ.എസ്.ഇ.ബി അധികൃതരെത്തി ഓരോ ഫ്ലാറ്റിലെയും മീറ്റർ റീഡിങ് രേഖപ്പെടുത്തിയശേഷം ബന്ധം വിച്ഛേദിക്കുകയായിരുന്നു. ചില ഫ്ലാറ്റുകളിൽ മീറ്റർ ഇളക്കിമാറ്റിയിരുന്നതിനാൽ റീഡിങ് എടുക്കാൻ സാധിച്ചില്ല. ടാങ്കർ ലോറികളിലാണ് കുടിവെള്ളമെത്തിച്ചിരുന്നത്. അതിനാൽ ജല അതോറിറ്റി വിേച്ഛദിച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിക്കേണ്ടതായി വന്നില്ല.
സുരക്ഷയുടെ ഭാഗമായി ജില്ല കലക്ടറുടെ നിർദേശപ്രകാരം ഓരോ ഫ്ലാറ്റിലും പ്രത്യേകം പൊലീസിനെ നിയോഗിച്ചു. ഇതുവരെ ഉടമകളെ കണ്ടെത്താനാകാത്തതും ഉടമകൾ എത്താത്തതുമായ ഫ്ലാറ്റുകളിൽ വീട്ടുപകരണങ്ങളുണ്ട്. പൊളിക്കുന്നതിന് മുമ്പ് ഉടമകളെത്തിയില്ലെങ്കിൽ നഗരസഭ ഇവ ലേലംചെയ്യും. നിലവിൽ ഫ്ലാറ്റുടമകൾക്ക് പ്രവേശിക്കണമെങ്കിൽ കലക്ടർക്ക് അപേക്ഷ നൽകണം. പഴയ ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം സമർപ്പിച്ച് കലക്ടർ നൽകുന്ന കത്ത് പ്രകാരം നഗരസഭ സെക്രട്ടറിയുടെ അനുമതി വാങ്ങിയശേഷം പൊലീസിെൻറ അകമ്പടിയോടെ വേണം പ്രവേശിക്കാൻ. സർക്കാർ പ്രതിനിധികളില്ലാത്തവർക്ക് പ്രവേശിക്കണമെങ്കിലും ഇതേ നടപടിക്രമം പാലിക്കണം.
അതേസമയം, പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളിലെ 14 ഉടമകൾക്കായി മൊത്തം രണ്ടരക്കോടി രൂപയുടെ ഇടക്കാല നഷ്ടപരിഹാരത്തിന് ശിപാർശ. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയാണ് 2.56 കോടി നഷ്ടപരിഹാരം ശിപാർശ ചെയ്തത്. ‘ഹോളി ഫെയ്ത്ത്’ ഒഴികെയുള്ള ഫ്ലാറ്റുകളിലെ താമസക്കാർക്കാണ് തുക അനുവദിക്കുക. ഭൂമിയുടെയും കെട്ടിടത്തിെൻറയും വിലയും മറ്റ് ചെലവുകളും കാട്ടി 51 ലക്ഷം മുതൽ രണ്ടുകോടി വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടവരുണ്ടെങ്കിലും കെട്ടിട വില മാത്രമാണ് ആദ്യഘട്ട നഷ്ടപരിഹാരത്തിൽ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.