കൊച്ചി: കുണ്ടന്നൂർ ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെ കണ്ണുകളിൽ തട്ടിനിന്ന ബ ഹുനില മന്ദിരങ്ങളായിരുന്നു ശനിയാഴ്ചവരെ എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ ഫ്ല ാറ്റ് സമുച്ചയങ്ങൾ. ഇഷ്ടികയും കോൺക്രീറ്റും ഇരുമ്പുകമ്പികളും ചിതറിത്തെറിച്ച്, ഒ രു മഹാപർവതത്തിെൻറ ശവക്കൂനപോലെയാണ് ഇപ്പോൾ ആ കാഴ്ച. ചൂടുപിടിച്ച ഇന്നലത്തെ പ കലിൽ കായൽക്കരക്കപ്പുറം പലദിക്കുകളിലായി കൂടിനിന്നവരുടെ കണ്ണുകളിലെ ആകാംക്ഷ അന്ത്യശ്വാസം വലിക്കുന്ന ആ കോൺക്രീറ്റ് സൗധങ്ങൾക്കൊപ്പം ആകാശം മുട്ടിനിന്നു. ഒടുവിൽ ശ്വാസമടക്കിപ്പിടിച്ച് കൊച്ചി ആ കാഴ്ച കണ്ടു. പൊട്ടിത്തെറിച്ചും പൊടി കുടഞ്ഞുമുള്ള ആ മണ്ണടിയലിെൻറ മുഴക്കം ഓരോ കാതിലേക്കും പടർന്നു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും കണ്ടുശീലിച്ച മലയാളിക്ക് അതൊരു ആദ്യ കാഴ്ചയായിരുന്നു. ചാവേറിനെ പോലെ മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങൾ സെക്കൻഡുകൾക്കുള്ളിൽ പൊട്ടിത്തെറിച്ച് മണ്ണുമലയായി മാറുക. ഏതാനും ദിവസങ്ങളായി കേരളത്തിെൻറ, പ്രത്യേകിച്ച് കൊച്ചിയുടെ പ്രധാന ചർച്ച ഇതായിരുന്നു. ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ മരടിലേക്ക് രാവിലെ മുതൽ ജനം ഒഴുകി. ഫ്ലാറ്റുകൾക്ക് സമീപം നിരോധനാഞ്ജ നിലനിൽക്കുന്ന 200 മീറ്റർ പരിധിക്കപ്പുറം പാലത്തിലും റോഡിലും ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിലും മണിക്കൂറുകൾ മുേമ്പ കാണികളും മാധ്യമപ്രവർത്തകരും നിറഞ്ഞു. സമീപവീടുകളിൽ ശേഷിച്ചിരുന്ന കുടുംബങ്ങളെ രാവിലെ ഒമ്പത് മണിയോടെ പൊലീസ് ഒഴിപ്പിച്ചു. വാതിലടച്ചിറങ്ങിയവർ നെഞ്ചിടിപ്പോടെ പലവട്ടം ഉമ്മറത്തേക്ക് തിരിഞ്ഞുനോക്കി.
കുണ്ടന്നൂർ കായലോരത്തെ മനക്കച്ചിറ പ്രദേശവും പാലവും വൈകാതെ ആളുകളെക്കൊണ്ട് നിറഞ്ഞു. പഴുതടച്ചതായിരുന്നു പൊലീസിെൻറ മുന്നൊരുക്കം. നിയന്ത്രണപരിധിയിലുള്ള കെട്ടിടങ്ങളിലും പറമ്പുകളിലും ആരുമില്ലെന്ന് ഉറപ്പാക്കി. കായലിൽ പൊലീസ് പലതവണ റോന്ത് ചുറ്റി. 11.09ന് രണ്ടാം സൈറൺ മുഴങ്ങിയതോടെ അദ്ഭുതം പകർത്താൻ ജനക്കൂട്ടം മൊബൈലുകൾ ഉയർത്തി ജാഗരൂകരായി. ദേശീയപാതയിൽ വാഹനയോട്ടം നിലച്ചു. അന്തിമസൈറൺ മുഴങ്ങുേമ്പാൾ എല്ലാവരും ശ്വാസമടക്കിനിന്നു. തൊട്ടടുത്ത നിമിഷം കൂറ്റൻ പുകക്കെട്ടിനുള്ളിലേക്കെന്നപോലെ ആദ്യ ഫ്ലാറ്റ് എച്ച്.ടു.ഒ നിലംപൊത്തി.
ചിലർ കൈയടിച്ചു. ചിലർ നെഞ്ചിൽ കൈവെച്ചു. ആശങ്കപ്പെട്ടതുപോലെ ഒന്നുമുണ്ടായില്ല. സമീപവാസികളുടെ കണ്ണുകളിൽ ആശ്വാസത്തിെൻറ തിളക്കം. കലക്ടർ, സബ്കലക്ടർ, ഡി.ഐ.ജി, എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ വിശദ പരിശോധനക്ക് ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് നാട്ടുകാർക്ക് പ്രദേശത്തെ ഇടറോഡുകൾ തുറന്നുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.