കൊച്ചി: ‘‘നെട്ടൂരിൽ പൊളിക്കുന്ന ഫ്ലാറ്റിനടുത്താണ് ഞങ്ങൾടെ വീട്. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഞങ്ങടെ വീടും പൊളിയുമെന്ന് അച്ഛനുമമ്മയും പറയുന്നു. ഫ്ലാറ്റ് പൊളിക്കുന്നതു കാരണം പഠിക്കാനൊന്നും പറ്റുന്നില്ല, ഞങ്ങടെ വീട് പൊളിഞ്ഞുപോയാൽ സർ ഞങ്ങളെ സഹായിക്കുമോ? സഹായിക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
ഇപ്പോൾതന്നെ വീട് പൊട്ടിയിരിക്കുകയാണ്’’ -മരടിൽ ജനുവരി 11ന് തകർക്കുന്ന ആൽഫ സെറീൻ ഫ്ലാറ്റിനടുത്ത് താമസിക്കുന്ന കണിയാംപിള്ളിൽ ഷാജിയുടെ മക്കളായ അൻവിതയും അങ്കിതയും മുഖ്യമന്ത്രിക്കയച്ച കത്തിലെ വരികളാണിത്.
മുഖ്യമന്ത്രിക്കുമാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്കും ഈ സഹോദരിമാരുൾെപ്പടെ ഫ്ലാറ്റിനരികെ താമസിക്കുന്ന 10 കുട്ടികൾ കത്തയച്ചിട്ടുണ്ട്. എല്ലാ കത്തിലെയും ഉള്ളടക്കം ഫ്ലാറ്റ് പൊളിക്കുന്നതു സംബന്ധിച്ച ആശങ്കകളും സങ്കടങ്ങളുംതന്നെ.
അങ്കിതയെയും അൻവിതയെയും കൂടാതെ ഫ്ലാറ്റിെൻറ 50 മീ. ചുറ്റളവിൽ താമസിക്കുന്ന യു.കെ.ജി വിദ്യാർഥി ഗോകുൽ കൃഷ്ണ കരോട്ട്, ഒന്നാം ക്ലാസുകാരനായ കാർത്തിക് നാരായണൻ കരോട്ട്, നടുവിലെ വീട്ടിൽ ഡോൺ, ഫർസീന കടേക്കുഴി, ഏഴാംക്ലാസുകാരി നിയ വിക്ടോറിയ, നെടുംപറമ്പിൽ വീട്ടിലെ മേഘ്ന, വിവേക്, വിഷ്ണുപ്രിയ എന്നിവരാണ് രാജ്യത്തിെൻറയും സംസ്ഥാനത്തിെൻറയും തലവന്മാർക്ക് തങ്ങളുടെ ആവലാതികൾ അക്ഷരരൂപത്തിൽ അയച്ചുകൊടുത്തത്.
എല്ലാ കത്തിലും ഇവർ ആധാർ നമ്പറുൾെപ്പടെയുള്ള വിവരങ്ങളും ചേർത്തിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വീടുകളും ഓർമ മാത്രമാവുെമന്ന മുതിർന്നവരുടെ ഉത്കണ്ഠകൾ ഏറെനാളായി ഈ കുരുന്നുകളെയും ബാധിക്കുന്നുണ്ട്. ഇവരിൽ പലരുടെയും വീടുകൾക്ക് വിള്ളലുണ്ടായി.
ചിലരൊക്കെ വാടകവീടുകളിലേക്ക് താമസം മാറ്റി. വീടിനടുത്തുനിന്ന് ഉയർന്നുകേൾക്കുന്ന ശബ്ദമാണ് ഇവർക്ക് പഠിക്കാനും മറ്റും തടസ്സമാവുന്നത്. തങ്ങളുടെ നിലനിൽപിനെ ബാധിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ടവർ കരുണാപൂർവം ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് പത്തുപേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.