തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഓർമകൾ നിറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും വൈകാരികമായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അവാർഡ്ദാന ചടങ്ങ്. ദ ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ 2022 ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാരം മരണാനന്തരം ഉമ്മൻ ചാണ്ടിക്കുവേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഏറ്റുവാങ്ങിയ ഭാര്യ മറിയാമ്മ ഉമ്മനാണ് ഗൃഹനാഥൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ ഓർമകളുടെ കെട്ടഴിച്ചത്.
‘‘ഭർത്താവിന്റെ അധികാരമോ പദവികളുടെ വലുപ്പമോ അദ്ദേഹം ഒരിക്കലും കാട്ടിയിട്ടില്ല. പിരിമുറുക്കങ്ങളൊന്നും വീട്ടിലേക്ക് കൊണ്ടുവന്നില്ല. ആരോപണങ്ങളും പരിഹാസങ്ങളുമുണ്ടായിട്ടും അതിലൊന്നും തകർന്നില്ല. മനസ്സിലെ വിഷമം പുറത്തുകാട്ടിയില്ലെന്നു മാത്രമല്ല, അതൊന്നും വീട്ടിൽ ഉരിയാടിയതുമില്ല. ‘നീ, എടാ, എടീ എന്നൊന്നും അദ്ദേഹം വിളിച്ചിട്ടില്ല. ആരെയും വിളിച്ചുകേട്ടിട്ടുമില്ല. ഓട്ടോ കൂലി ലാഭിക്കാൻ തമ്പാനൂരിൽ നിന്ന് വഴുതക്കാട് വരെ നടന്നുവരുമായിരുന്നു. അൽപം പോലും സ്വാർഥത കാട്ടിയിട്ടില്ല. തെറ്റുചെയ്താൽ ദൈവം ശിക്ഷിക്കുമെന്നതായിരുന്നു മരണം വരെയുമുള്ള നിലപാട്. പൊതുപ്രവർത്തന രംഗത്ത് പ്രസംഗിച്ച കാര്യങ്ങൾ അക്ഷരം പ്രതി പാലിച്ചു. പ്രായഭേദമെന്യേ അദ്ദേഹം ചൊരിഞ്ഞ സ്നേഹം മരണശേഷം ആളുകൾ തങ്ങളിലേക്ക് പകർന്നു. ഇത്രത്തോളം വറ്റാത്ത സ്നേഹച്ചാലുകൾ എപ്പോഴാണ് ഒ.സി ഈ ഹൃദയങ്ങളിലേക്കെല്ലാം പകർന്നതെന്നറിയില്ല. പാവപ്പെട്ടവരുടെ കണ്ണീരൊപ്പണമെന്ന കുഞ്ഞൂഞ്ഞിന്റെ സ്വപ്നം ലക്ഷ്യമാക്കി താനും യാത്ര തുടരും’’- മറിയാമ്മ പറഞ്ഞു.
സ്വന്തത്തെക്കാൾ മറ്റുള്ളവരുടെ അവകാശങ്ങൾക്കും മുൻഗണന നൽകി ജീവിച്ചവരായിരുന്നു കൃഷ്ണയ്യരും ഉമ്മൻ ചാണ്ടിയുമെന്ന് അവാർഡ് സമ്മാനിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. ജസ്റ്റിസ് എൻ. നാഗരേഷ്, തിരുനെൽവേലി ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി സമീന, അഡ്വ.എം. സന്തോഷ് കുമാർ, ഡോ.എന്‍.കെ. ജയകുമാര്‍, അഡ്വ.കെ. പ്രേംകുമാര്‍, അഡ്വ. ജോസഫ് ജോണ്‍ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.