മാര്‍ക്ക് നിയമന വിവാദം: ക്രിമിനലുകളെ ചുമക്കുന്നതിന്റെ ഫലമാണെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: 40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയും പിന്തുണക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണ്.

ആര്‍ഷോ മഹാരാജാസ് കോളജില്‍ പി.ജി പരീക്ഷ എഴുതാതെ പാസായപ്പോള്‍ സുഹൃത്തും കാലടി സര്‍വകലാശാലയില്‍ പി.എച്ച.ഡി വിദ്യാർഥിയുമായ കെ. വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയത്. ആര്‍ഷോയുടെ സഹായത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം.

കാലടി സര്‍വകലാശാലിയില്‍ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്. വിദ്യയ്‌ക്കെതിരേ പൊലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പൊലീസുകാര്‍ മുട്ടിടിച്ചു നില്കുന്നു. കോടതിയുടെ മേല്‍നോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാല്‍ മാത്രമേ മഹാരാജാസ് കോളജില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനാവൂ.

എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനില്‍ കേസുകളില്‍ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുമാണ്. കേരളത്തിലെ കാമ്പസുകളെ സംഘര്‍ഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേരള പൊലീസ് വിറക്കും.

സര്‍വകലാശാലകളിലെ നിയമനങ്ങള്‍ എ.എസ്.എഫ്‌.ഐ നേതാക്കള്‍ അവരുടെ ഭാര്യമാര്‍ക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ അസി പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടി വന്നു. മന്ത്രി പി.രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയിലും മുന്‍എം.പി പി.കെ ബിജുവിന്റെ ഭാര്യക്ക് കേരള സര്‍വകലാശാലയിലും മന്ത്രി എം.ബി രാജേഷിന്റെ ഭാര്യക്ക് സംസ്‌കൃത സര്‍വകലാശാലയിലും നിയമനം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ പ്രഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം നല്കി.

ഈ തെറ്റുകള്‍ക്കെല്ലാം സി.പി.എം കൂട്ടുനിൽക്കുകയും സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കള്‍ പിന്തുടരുന്നതെന്നും പാര്‍ട്ടി സെക്രട്ടറി ഓര്‍ക്കുന്നതു നല്ലതാണെന്നു സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Mark appointment controversy: K Sudhakaran says it is the result of carrying criminals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.