മാർക്ക് ജിഹാദ്: അധ്യാപകന്‍റേത് വിഷലിപ്ത പ്രസ്താവന; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

തിരുവനന്തപുരം: മാർക്ക് ജിഹാദ് പരാമർശത്തിലുള്ള സംസ്ഥാന സർക്കാറിന്‍റെ പ്രതിഷേധം കേന്ദ്ര സർക്കാറിനെ അറിയിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് അയച്ച കത്തിലാണ് സംസ്ഥാനത്തിന്‍റെ പ്രതിഷേധവും രോഷവും അറിയിച്ചത്.

വിഷലിപ്ത പ്രസ്താവനയാണ് അധ്യാപകനായ രാകേഷ് കുമാർ പാണ്ഡെ നടത്തിയിട്ടുള്ളത്. സങ്കുചിത സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നേട്ടത്തെ തമസ്കരിക്കാനുള്ള ശ്രമമാണിത്.

സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ നേട്ടങ്ങൾ രാജ്യാന്തര വേദിയിൽ അംഗീകരിച്ചിട്ടുള്ളതാണ്. നമ്മുടെ കുട്ടികളുടെ നേട്ടങ്ങൾ ഇകഴ്ത്തി കാണിക്കാനാണ് നീക്കമെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശവുമായി ഡൽഹി കിരൊരി കോളജിലെ ഫിസിക്‌സ് പ്രഫസറായ രാകേഷ് കുമാര്‍ പാണ്ഡെയാണ് രംഗത്തെത്തിയത്. കേരളത്തിൽ 'മാർക്ക് ജിഹാദ്' നടക്കുന്നുവെന്നാണ് ആർ.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയായ പാണ്ഡെ ആരോപിച്ചത്.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ 'മാര്‍ക്ക് ജിഹാദു'മുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രവേശനം എടുത്തിരിക്കുന്നത് വലിയൊരു വിഭാഗത്തിന്‍റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും 'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' എന്ന തലക്കെട്ടിൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പിൽ രാകേഷ് കുമാർപാണ്ഡെ ആരോപിച്ചത്.

'കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ.എൻ.യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല.

എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ്​. എന്നാല്‍, ഈ വിദ്യാർഥികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. ഇടതുപക്ഷം ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഡൽഹി സർവകലാശാലയിലും നടാപ്പാക്കുന്നത്​' -കുമാർപാണ്ഡെ പറഞ്ഞു.

വിവാദ പ്രസ്​താവനക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇടതുപക്ഷ സംഘടനകളും രംഗത്തു വന്നിരുന്നു. ഡല്‍ഹി സര്‍വകലാശാലയിൽ ആദ്യ കട്ട് ഓഫ് പുറത്തു വന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രഫസറെ ചൊടിപ്പിച്ചത്.

Tags:    
News Summary - Mark Jihad: Teacher's Toxic Statement - Kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.