മാർക്ക് ലിസ്റ്റ്, വ്യാജരേഖ വിവാദം; എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപ്പത്രം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ്, വ്യാജരേഖ വിവാദങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപ്പത്രമായ ‘ജനയുഗ’ത്തിന്‍റെ മുഖപ്രസംഗം. ഗെസ്റ്റ് ലെക്ചറർ നിയമനത്തിന്​ വ്യാജരേഖ ചമച്ച കേസ് ഗുരുതരവും തികച്ചും അപലപനീയവുമാണെന്ന് ഇതിൽ കുറ്റപ്പെടുത്തുന്നു. ഇത് ക്രിമിനൽ കുറ്റകൃത്യം തന്നെയാണ്​. സമാനരീതിയിൽ വ്യാജരേഖ ഉപയോഗിച്ച് മുമ്പ് രണ്ടു കോളജുകളിൽ അവർ ലെക്ചററായി പ്രവർത്തിച്ചിരുന്നതായും വാർത്തയുണ്ട് എന്ന് വിദ്യയെ പേരെടുത്തു പറയാതെ ജനയുഗം ചൂണ്ടിക്കാണിക്കുന്നു.

ഈ സംഭവങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. രണ്ടു സംഭവത്തിലും ഉൾപ്പെട്ടവർ പ്രമുഖ വിദ്യാർഥി സംഘടനയുടെ മുൻനിര നേതാക്കളാണെന്നത് വിവാദത്തിന് വലിയ വാർത്താപ്രാധാന്യത്തിനും രൂക്ഷമായ രാഷ്ട്രീയ പ്രതികരണത്തിനും കാരണമായി. മാർക്ക് ലിസ്റ്റ് ക്രമക്കേടിൽ ഉൾപ്പെട്ടയാൾ സംഘടനയുടെ മുഖ്യഭാരവാഹികളിലൊരാളാണ്. വ്യാജപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് അതേ സംഘടനയുടെ സർവകലാശാല വിദ്യാർഥി യൂനിയൻ ഭാരവാഹിത്വം വഹിച്ചിരുന്നയാളാണ്.

വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി സമൂഹത്തിന്‍റെ സംശയങ്ങളും വിദ്യാർഥികളുടെ ആശങ്കകളും ദൂരീകരിക്കേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും പത്രം ആവശ്യപ്പെടുന്നു. 

Tags:    
News Summary - Mark list, forgery controversy; CPI mouthpiece strongly criticized SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.