കൊച്ചി: മസാല ബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം പരിശോധിക്കാൻ സമൻസ് നൽകിയതിനെ കിഫ്ബി ചോദ്യം ചെയ്യുന്നത് നിയമം ദുരുപയോഗം ചെയ്യാനാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ. നിർണായക ഘട്ടത്തിലുള്ള അന്വേഷണം തടസ്സപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നേരേത്തതന്നെ ഇ.ഡിക്ക് നൽകിയതാണെന്നാണ് കിഫ്ബിയും സി.ഇ.ഒ കെ.എം. എബ്രഹാമും സമർപ്പിച്ച ഹരജിയിലുള്ളത്. എന്നാൽ, ആർക്കെതിരെയും ആരോപണങ്ങൾപോലും ഉന്നയിച്ചിട്ടില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും ഇ.ഡി പറയുന്നു.
ഇവരുടെ ഹരജി അപക്വമാണ്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന വാദം നിയമപരമായി നിലനിൽക്കില്ല. മസാല ബോണ്ട് ഇറക്കിയതിലും അതിന്റെ ഉപയോഗത്തിലും ഫെമ നിയമം ലംഘിച്ചെന്ന പരാതിയിൽ തെളിവ് രേഖപ്പെടുത്താനാണ് സമൻസ് അയച്ചത്. മസാല ബോണ്ടും കിഫ്ബി കടമെടുപ്പും നിയമാനുസൃതമല്ലെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ട്. ഫെമ നിയമപ്രകാരം ഇ.ഡി അയക്കുന്ന സമൻസ് ഹരജിയിലൂടെ ചോദ്യം ചെയ്യാനാവില്ല.
ഫെമ ലംഘനം കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകുകയും ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകുകയും ചെയ്യും. മറുപടി പരിഗണിച്ചശേഷം കൂടുതൽ തെളിവ് നൽകാനും അവസരമുണ്ട്. തൃപ്തികരമെങ്കിൽ അന്വേഷണം ആ ഘട്ടത്തിൽ അവസാനിപ്പിക്കാനാവുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.