കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട എക്സാലോജിക്-സി.എം.ആർ.എൽ മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം സി.എം.ആർ.എൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയെ ചോദ്യംചെയ്തതിൽ ഉന്നതബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ ലഭ്യമായതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മുമ്പ് ശശിധരൻ കർത്തയെ വീട്ടിൽ സന്ദർശിച്ചിട്ടുണ്ടെന്ന സൂചനകൾ ജീവനക്കാരുടെ മൊഴികളിൽനിന്ന് ലഭ്യമായതായും വിവരമുണ്ട്. പ്രതിപക്ഷ നേതൃത്വത്തിലുള്ള ചിലരുടെ ഇടപാടുകളും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സി.പി.എം അടക്കം പാർട്ടികളുമായി നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തു. എക്സാലോജിക്കിന് പണം നൽകിയത് എന്തു സേവനത്തിന് പ്രതിഫലമായാണെന്ന ചോദ്യത്തിന് കർത്തക്ക് വ്യക്തമായ മറുപടിയുണ്ടായില്ലെന്നാണ് സൂചന.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചില രേഖകൾ സൂക്ഷിച്ചിരിക്കുന്നത് അദ്ദേഹമാണെന്ന കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് കർത്തയെ ചോദ്യംചെയ്തത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി സർവിസ് കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് പലപ്പോഴായി 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു ഇത്. രണ്ടുദിവസം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്തതിൽ എക്സാലോജിക്കിന് പണം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ അറിയാവുന്നത് മാനേജിങ് ഡയറക്ടർക്കാണെന്ന മൊഴിയാണ് അവർ ആവർത്തിച്ചത്.
കർത്തയെ ചോദ്യംചെയ്ത ശേഷം വ്യാഴാഴ്ചയും ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കൽ തുടരുകയാണ്. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സി.എം.ആർ.എൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, മുൻ കാഷ്യർ വാസുദേവൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പി. സുരേഷ് കുമാറും വാസുദേവനുമാണ് വ്യാഴാഴ്ചയും ചോദ്യംചെയ്യലിന് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.